Manipur violence
മണിപ്പൂരിലെത് വംശീയ ഉന്മൂലനമെന്ന് അരുന്ധതി റോയ്
മണിപ്പൂര്‍ കത്തുമ്പോള്‍ താന്‍ തലേന്ന് അത്താഴത്തിന് അപ്പമാണ് കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ് മോദിയെന്നും അരുന്ധതി റോയ് വിമര്‍ശിച്ചു.
തൃശൂര്‍ | മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ലെന്നും വംശീയ ഉന്മൂലനമാണെന്നും കേന്ദ്രവും സംസ്ഥാനവും പട്ടാളവുമെല്ലാം ഇതിനെ സഹായിച്ചുവെന്നും എഴുത്തുകാരി അരുന്ധതി റോയ്.
തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
ബലാത്സംഗം ചെയ്യാന്‍ സ്ത്രീകളെ സ്ത്രീകള്‍ തന്നെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന സ്ഥിതിയാണ് ഇന്ന്. ഇത് മണിപ്പൂരില്‍ മാത്രമല്ല മറ്റുപലയിടത്തും സംഭവിക്കുന്നു. സ്ത്രീകളെ പോലീസ് ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുന്നു. 25 വര്‍ഷം മുമ്പ് എഴുതിത്തുടങ്ങുമ്പോള്‍ പലതരം മുന്നറിയിപ്പുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം പൊള്ളലുകൾ ആയി മാറി. ഈ കത്തല്‍ അടുത്തടുത്ത് വരികയാണ്.
വിശ്വപൗരത്വമാണ് ഫാസിസത്തെ തടയാനുള്ള മാര്‍ഗം. പ്രാദേശികവത്കരണത്തെ കുറിച്ചാണ് ഫാസിസം സംസാരിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂര്‍ കത്തുമ്പോള്‍ താന്‍ തലേന്ന് അത്താഴത്തിന് അപ്പമാണ് കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ് മോദിയെന്നും അരുന്ധതി റോയ് വിമര്‍ശിച്ചു.
കേരളം അത്ഭുത നാടാണ്. ഇതുകൊണ്ട് പ്രത്യേക ഉത്തരവാദിത്തവുമുണ്ട്. നിങ്ങള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മക്കള്‍ക്കോ അതിലെ മക്കള്‍ക്കോ നിങ്ങളെക്കുറിച്ച് നാണക്കേട് തോന്നും. രാഷ്ട്രീയബോധമുള്ള സമൂഹമായതുകൊണ്ടാണ് കേരളത്തില്‍ മാറ്റങ്ങള്‍ വേണ്ടത്ര തിരിച്ചറിയാത്തത്. മറ്റിടങ്ങളില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. എഴുത്ത് കൊണ്ട് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കില്‍ അവാര്‍ഡുകള്‍ കൊണ്ട് ഫലമില്ല. എഴുത്തുകാരി എന്ന നിലയില്‍ അത് പരാജയമായി വിലയിരുത്തും. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് നല്‍കും. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ജയിലില്‍ കിടക്കുന്ന ഗ്രോ വാസുവിനെ മോചിപ്പിക്കണമെന്ന് അരുന്ധതിറോയ് ആവശ്യപ്പെട്ടു. തനിക്ക് അറിയാവുന്ന ആളാണ് ഇദ്ദേഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.