Connect with us

National

അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കെജ്രിവാളിനെ ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണ കെജ്രിവാളിന്റെ ഇടക്കാല ആവശ്യം നേരത്തെ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. കെജ്രിവാളിന്റെ അപേക്ഷയില്‍ ഇഡി മറുപടി കിട്ടാതെ തീര്‍പ്പ് കല്‍പിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

അറസ്റ്റിനും റിമാന്‍ഡിനുമെതിരെ കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നല്‍കാന്‍ ഇഡിക്ക് ഡല്‍ഹി ഹൈകോടതി ഏപ്രില്‍ രണ്ട് വരെ സമയം നല്‍കിയിരിക്കുകയാണ്. ഹരജിയില്‍ ഏപ്രില്‍ മൂന്നിന് വീണ്ടും വാദം കേള്‍ക്കും. മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയായിരുന്നു കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടുകയായിരുന്നു.

അതേസമയം കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്‍ഡ്യ സഖ്യം മഹാറാലി സംഘടിപ്പിച്ചിരുന്നു. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടന്നത്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച മഹാറാലിയില്‍ രാംലീല മൈതാനം തിങ്ങിനിറഞ്ഞു. റാലിയില്‍ 28ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്‍, എന്‍സിപി നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡറിക് ഒബ്രയാന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാള്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ തുടങ്ങിയവരും റാലിയുടെ ഭാഗമായി. ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്രിവാള്‍ റാലിയില്‍ വായിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ്രിവാളിന്റെ ആറ് ഉറപ്പുകള്‍ സുനിത വേദിയില്‍ പ്രഖ്യാപിച്ചു.