National
മദ്യനയ അഴിമതി കേസ്;അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് തിഹാര്‍ ജയിലില്‍ നിന്നും കെജ്രിവാള്‍ കോടതിക്ക് മുമ്പാകെ ഹാജരായത്.
ന്യൂഡല്‍ഹി | മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി.ആഗസ്റ്റ് 8വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഡല്‍ഹി റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് തിഹാര്‍ ജയിലില്‍ നിന്നും കെജ്രിവാള്‍ കോടതിക്ക് മുമ്പാകെ ഹാജരായത്.
സിബിഐ അന്വേഷിക്കുന്ന കേസില്‍ കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 25 വരെ നീട്ടിയിരുന്നു. ഇത് ഇന്ന് അവസാനിക്കാനിരിക്കെയാണ് റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. ജൂലൈ 12 ന് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അഴിമതിക്കേസില്‍ സിബിഐ പ്രത്യേകമായി അറസ്റ്റ് ചെയ്തതിനാല്‍ മുഖ്യമന്ത്രി തിഹാര്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ,ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത, മറ്റ് പ്രതികള്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 31വരെ നീട്ടിയിട്ടുണ്ട്.