Connect with us

National

ഡൽഹി മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജരിവാളിന് ജാമ്യം

ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി ന്യായബിന്ദുവിൻ്റെ അവധിക്കാല ബെഞ്ചാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്. മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഇതോടെ കെജരിവാളിന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി. കെജരിവാൾ നാളെ ജയിൽ മോചിതനാകും.

കെജ്‌രിവാളിനെതിരെ ശക്തമായ തെളിവുകൾ ഇഡിയുടെ പക്കലുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ വാദിച്ചു. അതിനാൽ കെജരിവാളിന് ജാമ്യം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കെജരിവാളിന് എതിരെ ഇ ഡിയുടെ കൈവശം ഒരു തെളിവും ഇല്ലെന്ന് അദ്ദെഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കെജ്‌രിവാളിനെതിരായ മുഴുവൻ കേസും ഭാവനയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അഭിഭാഷകൻ വാദിച്ചു.

അതേസമയം, ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 48 മണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഡ്യൂട്ടി ജഡ്ജിക്ക് മുമ്പാകെ ഈ വാദങ്ങൾ ഉന്നയിക്കാമെന്ന് കോടതി അറിയിച്ചു. ജാമ്യത്തിന് 48 മണിക്കൂർ സ്റ്റേ നൽകണമെന്ന് ഇഡി നേരത്തെ കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും അവധിക്കാല ബെഞ്ച് ഇത് നിരസിച്ചു.

ഈ വർഷം മാർച്ച് 21നാണ് കെജരിവാളിനെ എൻഫോഴ്സ്മെനറ്റ് ഡയറക്ടറേറ്റ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ചോദ്യം ചെയ്യുകയും കെജരിവാളിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർന്ന് മെയ് പത്തിന് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ 1 വരെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. പിന്നീട് ജാമ്യക്കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് മെയ് 27ന്  കെജരിവാൾ സുപ്രീം കോടതിയിൽ ഹരജി നൽകിയെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. തുടർന്ന് ജൂൺ രണ്ടിന് അദ്ദേഹം തിരികെ ജയിലിൽ എത്തുകയായിരുന്നു.

2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജരിവാളുമായി ബന്ധപ്പെട്ടുവെന്നാണ് ഇഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest