adoption case
കെ മുരളീധരനെതിരെ പരാതി നല്‍കി ആര്യ രാജേന്ദ്രന്‍
'സുന്ദരിയുടെ ഭരണിപ്പാട്ട്' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍
തിരുവനന്തപുരം | അധിക്ഷേപ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എം പിക്കെതിരെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ആരോപണ വിധേയന്‍ എം പിയായതിനാല്‍ നിയമോപദേശം ലഭിച്ചശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പോലീസ്.
ആര്യയുടെ പരാതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍ രംഗത്തെത്തി. സത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. തന്റെ പരാമര്‍ശത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തിപരമായി പ്രശ്‌നമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതില്‍ അശ്ലീലമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായില്‍ നിന്നു വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന പരാമര്‍ശമാണ് ഇന്നലെ മുരളീധരന്‍ നടത്തിയത്. കോര്‍പറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തില്‍ യു ഡി എഫ് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുരളീധരന്റെ ഈ പരാമര്‍ശം. ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ടെന്നും ആറ്റുകാല്‍ പൊങ്കാലയെ നോണ്‍ വെജിറ്റേറിയന്‍ പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയര്‍ എന്ന നേട്ടം ആര്യ രാജേന്ദ്രനാണെന്നും മുരളി പറഞ്ഞിരുന്നു.