Connect with us

Kerala

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Published

|

Last Updated

നിലമ്പൂർ | മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

ഞായറാഴ്ച രാവിലെ 10.10 ഓടെ ആര്യടൻ്റെ ഭൗതിക ശരീരം നിലമ്പൂരിലെ വസതിയിൽ എത്തിച്ചു. മൃതദേഹം എത്തിക്കുന്നതിന് മുമ്പ് തന്നെ ആര്യാടൻ്റെ വസതി ജനനിബിഡമായിരുന്നു. മുൻ മന്ത്രി എ പി അനിൽകുമാർ, ഡി സി സി പ്രസിഡൻ്റ് വി എസ് ജോയി, പി വി അബ്ദുൽ വഹാബ് എം പി, പി കെ ബഷീർ എം എൽ എ തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാസി എം പി ഉൾപ്പെടെയുള്ള നേതാക്കൾ ഉടൻ ആര്യടൻ്റെ വസതിയിലെത്തും.

ആര്യാടൻ മുഹമ്മദിന്റെ ഭൗതിക ദേഹം നിലമ്പൂരിലെ വസതിയിൽ എത്തിച്ചപ്പോൾ

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ല്‍ ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959-ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി.

1962-ല്‍ വണ്ടൂരില്‍നിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ 1969-ല്‍ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്.

ഭാര്യ: പി.വി. മറിയുമ്മ, മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി. മരുമക്കള്‍: ഡോ. ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ. ഉമ്മര്‍, സിമി ജലാല്‍.

 

---- facebook comment plugin here -----

Latest