Kerala
ലീഗിനോടു പോരടിച്ചു വീരപരിവേഷം നേടിയ ആര്യാടന്‍
ഒരേ മുന്നണിയില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടും മുസ്‍ലിം ലീഗിനെതിരെ പരസ്യമായി നിലപാടെടുത്ത് നീങ്ങിയ ആര്യാടൻ മലപ്പുറത്തെ കോൺഗ്രസുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
കോഴിക്കോട് | ആര്യാടന്‍ മുഹമ്മദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിടവാങ്ങുമ്പോള്‍ മുസ്‍ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് ഒരു രാഷ്ട്രീയ യുഗത്തിന്റെ കൊടിയിറക്കം കൂടിയാണു സംഭവിക്കുന്നത്. ഒരേ മുന്നണിയില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടും മുസ്‍ലിം ലീഗിനെതിരെ പരസ്യമായി നിലപാടെടുത്ത് നീങ്ങിയ ആര്യാടൻ മലപ്പുറത്തെ കോൺഗ്രസുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സര്‍വാദരണീയ നേതൃത്തില്‍ മുന്നോട്ടു പോവുന്ന ഘട്ടത്തില്‍ പോലും മോരും മുതിരയും പോലെ ലീഗും ആര്യാടനും വേറിട്ടു നിന്നു. ഒരു പ്രകടനപത്രികയുടെ ബന്ധം മാത്രമേ ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ളൂ എന്നു പരസ്യമായി പറഞ്ഞുകൊണ്ട് ലീഗിനോടുള്ള അകല്‍ച്ച എന്നും നിലനിര്‍ത്താന്‍ ആര്യാടന്‍ ശ്രമിച്ചിരുന്നു.
ആര്യാടന് മുസ്ലിം ലീഗിനോടുള്ള വെറുപ്പു ദശകങ്ങള്‍ പിന്നിട്ടപ്പോഴും അതേ ആഴത്തിലും പരപ്പിലും തുടര്‍ന്നു. ഈ വെറുപ്പിനു പിന്നില്‍ എന്തെങ്കിലും രാഷട്രീയമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നതായി ഒരിക്കലും വ്യക്തമായില്ല. ലീഗിനെ കിട്ടുന്ന അവസരത്തിലെല്ലാം വിമർശിച്ച ആര്യാന്‍ തിരഞ്ഞെടുപ്പു കാലത്ത് ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയില്‍ മത്സരിക്കുന്നതിന് ഒരു വൈമനസ്യവും കാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലീഗിനൊപ്പം തിരഞ്ഞെടുപ്പിലെ എല്ലാ ജനാധിപത്യ പ്രക്രിയയിലും ആര്യാടന്‍ ഇഴുകിച്ചേർന്നു.
ആര്യാന്‍ മുഹമ്മദ് എന്ന വ്യക്തിക്ക് ലീഗിനോടുള്ള ആന്തരിക വൈരത്തിന്റെ കാരണം പലതരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. 1980 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി ആയിരുന്നു ആര്യാടന്‍. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയ അദ്ദേഹത്തിന് സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് മാണി, അഖിലേന്ത്യ ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. ഐക്യമുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചത് മുസ്ലിം ലീഗിലെ സാക്ഷാല്‍ ഗുലാം മുഹമ്മദ് ബനാത്ത് വാല. അന്നു ബനാത്ത് വാല അര ലക്ഷത്തിലേറെ വോട്ടിനു ആര്യാടനെ പരാജയപ്പെടുത്തി.
ദേശീയ രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാനുള്ള ആര്യാടന്റെ മോഹത്തിനു ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു ആ തിരഞ്ഞെടുപ്പു പരാജയം. ആ തിരിച്ചടിയുടെ ആഴം ആര്യാടനെ ലീഗിന്റെ ആജന്മ ശത്രുവാക്കി മാറ്റിയെന്നാണ് പലരും കരുതുന്നത്.
മുസ്ലിം ലീഗിനോടുള്ള വെറുപ്പു പോലെ തന്നെ കെ കരുണാകരന്റെ നേത്രത്തിലുള്ള കോണ്‍ഗ്രസ് വിഭാഗത്തോടും ആര്യാടന് അമർഷമുണ്ടായിരുന്നു. ആര്യാടനെ പൊന്നാനിയില്‍ തോല്‍പിച്ചു ദേശീയ രാഷ്ട്രീയ സാധ്യത അടച്ചതില്‍ കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് വിഭാഗവും പങ്കു വഹിച്ചിരുന്നു എന്നതായിരുന്നു അതിന് കാരണം. കരുണാകരന്റെ മരണം വരെ കിട്ടിയ അവസരങ്ങളിലെല്ലാം ഈ രോഷം പുറത്തു പ്രകടിപ്പിക്കാന്‍ ആര്യാടന്‍ മടിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പു കാലത്ത് ലീഗിനൊപ്പം പൊതു യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും ഗ്രാമ യോഗങ്ങളിലും പ്രവര്‍ത്തക യോഗങ്ങളിലും പങ്കെടുത്തിരുന്ന ആര്യാടന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് ലീഗുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ഒരിക്കലും ശ്രമിച്ചില്ല.
പതിറ്റാണ്ടുകളോളം മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായിരുന്നു ആര്യാടന്‍. മുന്നണിയിലെ വിഷയങ്ങളായാലും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളായാലും ആര്യാടന്‍ പറഞ്ഞാല്‍ പ്രവര്‍ത്തകര്‍ കേള്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പല കാര്യങ്ങളിലും മുസ്‌ലിം ലീഗിനോടുള്ള ഈര്‍ഷ്യ ആര്യാടന്‍ തന്ത്രപൂര്‍വം ആയുധമാക്കി. മലപ്പുറത്തെ ലീഗ് കോട്ടയില്‍ അവരുമായി ഇടഞ്ഞും പടവെട്ടിയും കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ വീരപരിവേഷം ഉണ്ടാക്കാന്‍ ആര്യാടനായി. മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഒരു വികാരമായി സ്വയം പ്രതിഷ്ഠിക്കുന്നതില്‍ ലീഗ് വിരോധം ആര്യാടന്‍ ഫലപ്രദമായി വിനിയോഗിച്ചു. ‘മലബാര്‍ സുല്‍ത്താന്‍’ എന്നു പ്രവര്‍ത്തകര്‍ നല്‍കിയ പദവി നിലനിര്‍ത്താന്‍ ലീഗ് വിരോധം പോലൊരു ആയുധം അദ്ദേഹത്തിനു വേറെയില്ലായിരുന്നു.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ സത്യഗ്രഹം മുതല്‍ ലീഗുമായി നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടാണു കോണ്‍ഗ്രസ്സില്‍ ആര്യാന്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള സാമുദായിക നേതൃത്വത്തെ ചോദ്യംചെയ്യാന്‍ പോന്ന നേതാവാണെന്നു സ്വയം കാണിച്ചു കൊടുക്കുകയും ലീഗിനെതിരെ ‘ദേശീയ മുസ്ലിം’ എന്ന പദവി സ്വയം അണിയുകയും ചെയ്തിരുന്നു അദ്ദേഹം. ലീഗിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ എതിര്‍ ദിശയില്‍ ജനങ്ങളെ തനിക്ക് അനുകൂലമാക്കാനുള്ള കരുക്കളായിരുന്നു അദ്ദേഹം നീക്കിയത്. മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ അദ്ദേഹം നിലപാടു സ്വീകരിച്ചത്, ജില്ല നിലവില്‍ വന്നാല്‍ മുസ്‍ലിം ലീഗിന് ഉണ്ടാവാന്‍ ഇടയുള്ള അപ്രമാദിത്വത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.
അന്ന് മലപ്പുറത്ത് നടന്ന ജില്ലാ രൂപീകരണ വിരുദ്ധ സത്യഗ്രഹത്തിന്റെ മുന്‍നിരയില്‍ ആര്യാടനുണ്ടായിരുന്നു. മലപ്പുറം ജില്ലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നീടങ്ങോട്ട് ഓരോ ഘട്ടത്തിലും ലീഗിനും മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തിനും ഓരോ ഘട്ടത്തിലും ആര്യാടന്‍ തലവേദന സൃഷ്ടിച്ചു. മലപ്പുറം നഗരസഭയെ കോര്‍പറേഷനാക്കാനുള്ള നീക്കം നടന്നപ്പോഴും ലീഗ് വിരോധം മുന്‍ നിര്‍ത്തി ആര്യാടന്‍ ഇടപെട്ടു എന്ന് ആരോപണമുയര്‍ന്നു.
പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ പോലും ആര്യാടന്‍ ചോദ്യം ചെയ്തു. അപ്പോഴൊക്കെയും ലീഗ് ഉയര്‍ത്തിയ പ്രതിഷേധങ്ങളിൽ അദ്ദേഹം കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നുമായിരുന്നു ഇതിന് ആര്യാടന്റെ മറുപടി.