National
ആര്യന്‍ ഖാനെ കുടുക്കിയതാണ്, പിന്നില്‍ ബിജെപി: എന്‍സിപി മന്ത്രി നവാബ് മാലിക്
ആര്യന്‍ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിന്റെ കൈ പിടിച്ച് വരുന്നത് എന്‍സിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവര്‍ത്തകനായ ബാനുശാലിയാണ്.
മുംബൈ| മയക്കുമരുന്ന് കേസില്‍ എന്‍സിബി പിടിയിലായ ആര്യന്‍ ഖാനെ കുടുക്കിയതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്. ആര്യനെ കുടുക്കിയതാണെന്നും പിന്നില്‍ ബിജെപിയാണെന്നും മന്ത്രി ആരോപിച്ചു. ചില തെളിവുകള്‍ സഹിതമാണ് മന്ത്രിയുടെ ആരോപണം. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിന്റെ കൈ പിടിച്ച് വരുന്നത് എന്‍സിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവര്‍ത്തകനായ ബാനുശാലിയാണ്. എന്‍സിബി ഉദ്യോഗസ്ഥനല്ലാത്ത ഒരു ബിജെപി പ്രവര്‍ത്തകന്‍ എങ്ങനെ റെയ്ഡിന്റെ ഭാഗമായെന്ന് നവാബ് ചോദിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍സിബിയ്‌ക്കൊപ്പം പോയെന്നുമാണ് ഇതില്‍ ബനുശാലിയുടെ മറുപടി.
മുന്‍പ് പലപ്പോഴും ആര്യന്റെ പിതാവ് ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതാണ് ഈ സംഭവം. എന്‍സിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ഡിക്ടറ്റീവും റെയ്ഡിന്റെ ഭാഗമായിരുന്നു. ഇയാള്‍ ആര്യനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞ്, അവര്‍ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡില്‍ പുറത്ത് നിന്ന് ആളുകള്‍ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവില്‍ ആരോപണങ്ങളെല്ലാം തള്ളുകയാണ് എന്‍സിബിയും ബിജെപിയും.