National
ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.
മുംബൈ| ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ പിതാവ് ഷാരൂഖ് ഖാന് ഉപദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് അത്താവാലെ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ചെറുപ്രായത്തില്‍ തന്നെ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ല. ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളുമെന്നും രാംദാസ് അത്താവാലെ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.