Connect with us

aryadan shoukath

നാളത്തെ കോണ്‍ഗ്രസ് ഫലസ്തീന്‍ റാലിയില്‍ ആര്യാടന്‍ ഷൗക്കത്തിനു വിലക്ക്

കോണ്‍ഗ്രസ് കടുത്ത നടപടി സ്വീകരിച്ചാല്‍ ഷൗക്കത്തിനു പിന്‍തുണ നല്‍കുമെന്ന സി പി എം പ്രഖ്യാപനം കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തിയിരുന്നു.

Published

|

Last Updated

മലപ്പുറം | ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കെ പി സി സി ലഘൂകരിക്കുമെന്നു വാര്‍ത്തകള്‍ വരുന്നതിനിടെ അദ്ദേഹത്തിനു പാര്‍ട്ടി പരിപാടികളില്‍ വിലക്ക് ഏര്‍പ്പെടുത്തി.
നാള കോഴിക്കോട്ടു കടപ്പുറത്തു നടക്കുന്ന കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഷൗക്കത്ത് എത്തേണ്ടെന്നു പാര്‍ട്ടി നിര്‍ദ്ദേശിച്ചു. അച്ചടക്ക സമിതി ശുപാര്‍ശയില്‍ തീരുമാനം പ്രഖ്യാപിക്കാത്തത് കൊണ്ടാണു വിലക്കെന്നാണു സൂചന.

നേരത്തെ, പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് കടുത്ത നടപടി സ്വീകരിച്ചാല്‍ ഷൗക്കത്തിനു പിന്‍തുണ നല്‍കുമെന്ന സി പി എം പ്രഖ്യാപനം കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തിയിരുന്നു.

ഇതോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യാതിരുന്നത്. എന്നാല്‍ ഷൗക്കത്തിനെതിരെ കെ പി സി സി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുമെന്നാണ് വിവരം.

ആര്യാടന്‍ ഷൗക്കത്തിന്റേത് സമാന്തര പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെ പി സിസി ഒടുവില്‍ നിലപാടില്‍ നിന്നു പിന്നാക്കം പോകുകയായിരുന്നു. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നടപടി പ്രഖ്യാപിക്കാന്‍, നാളത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാല്‍ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാര്‍ട്ടിക്കുള്ളത്.

Latest