Connect with us

Kerala

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് മാർഗ്ഗരേഖയായി

ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.

ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നൽകാം.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും. വാർഡ് പുനർവിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കി ഡീലിമിറ്റേഷൻ കമ്മീഷന് നൽകാനുള്ള ചുമതല ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്കാണ്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക്  പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപ്പറേഷനുകളിൽ ഇത് യഥാക്രമം 56 ഉം, 101  ഉം ആണ്.

സർക്കാർ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.  2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചിട്ടുള്ളത്.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും, ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ അംഗങ്ങളായ  പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്‌ഫൊര്‌മേനഷൻ പബ്ളിക് റിലേഷന്‌സ്യ വകുപ്പ് സെക്രട്ടറി  എസ്. ഹരികിഷോർ, തൊഴിൽ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷൻ സെക്രട്ടറി എസ്.ജോസ്നമോൾ എന്നിവർ പങ്കെടുത്തു.

വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും കമ്മീഷൻ യോഗം തീരുമാനിച്ചു.

Latest