Connect with us

Kerala

ഹജ്ജ് കമ്മിറ്റി അംഗങ്ങളായി; ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉടന്‍

സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുന്‍ കമ്മിറ്റിയിലെ ഏഴ് പേരെ നിലനിര്‍ത്തിക്കൊണ്ടാണ് വിജ്ഞാപനം.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുന്‍ കമ്മിറ്റിയിലെ ഏഴ് പേരെ നിലനിര്‍ത്തിക്കൊണ്ടാണ് വിജ്ഞാപനം. പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, ഉമര്‍ ഫൈസി മുക്കം, അക്ബര്‍ പി ടി, അഡ്വ. മൊയ്തീന്‍ കുട്ടി, മുഹമ്മദ് റാഫി പി പി എന്നിവരെയാണ് വീണ്ടും നാമനിര്‍ദേശം ചെയ്തത്.

ഇതിന് പുറമെ മര്‍കസ് പ്രോ. ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പാലക്കാട് ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഷ്‌കര്‍ കോരാട്, ജഅ്ഫര്‍ ഒ വി, ശംസുദ്ദീന്‍ അരിഞ്ചിറ, നൂര്‍ മുഹമ്മദ് നൂര്‍ഷ, അനസ് എം എസ്, കരമന ബായാര്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ എന്നിവരെയാണ് പുതുതായി നാമനിര്‍ദേശം ചെയ്തത്. മലപ്പുറം ജില്ലാ കലക്ടര്‍ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.

ഒക്‌ടോബര്‍ 13നാണ് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഉടന്‍ യോഗം ചേരും. ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം വൈകിയത്.