Connect with us

Featured

തിങ്കളിൽ തൊട്ട്

ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യയുടെ മൃദുസ്പർശനം. നൂറ്റിനാൽപ്പത് കോടിയോളം മനുഷ്യരുടെ ആത്മാഭിമാനത്തിന്റെ അശോകസ്തംഭം ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു. ലാന്‍ഡറിന്റെ വാതായനം തുറന്നു റോവര്‍..

ചന്ദ്രന്റെ ദക്ഷിണധ്രുവം നിഗൂഢതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ്. ഇതുവരെ നമ്മളാരും കാണാത്തതും കേൾക്കാത്തതുമായ ഒട്ടേറെ രഹസ്യങ്ങളുടെ കാലവറയാണത്! ആ മേഖലയിലേക്ക് കൺതുറക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3.
ചന്ദ്രയാൻ-3ൽ നിന്നുള്ള വിക്രം ലാൻഡർ മുന്പ് തീരുമാനിക്കപ്പെട്ടതുപോലെതന്നെ ആഗസ്റ്റ് 23 ഇന്ത്യൻ സമയം 18:04 ന് വിജയകരമായി ചന്ദ്രന്റെ നിലം തൊട്ടു.ചന്ദ്രനിൽ നിന്നുള്ള ഫോട്ടോകൾ അത് നമുക്കയച്ചുതരാനും തുടങ്ങി.

ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരു ലാൻഡറിനെ സംബന്ധിച്ചിടത്തോളം ഇറങ്ങാൻ ഏറെ വെല്ലുവിളികളുള്ള സ്ഥലങ്ങളിൽ ഒന്നാണ്. ചന്ദ്രൻ ഭൂമിയെ അഭിമുഖീകരിക്കുന്ന വശത്തിന്റെ പരന്ന വിസ്തൃതമായ മധ്യരേഖാ പ്രദേശങ്ങളാണ് അപ്പോളോ ബഹിരാകാശയാത്രികരും ആദ്യകാല മനുഷ്യരഹിത ലാൻഡറുകളും ലക്ഷ്യമിട്ടിരുന്നത്. ആരും ദക്ഷിണധ്രുവം തിരഞ്ഞെടുത്തിരുന്നില്ല. ഇതിനു പ്രധാന കാരണം കനത്ത പാറകൾ നിറഞ്ഞ അപകടമേഖലകളാണ് അവിടം എന്നതാണ്. ഐ എസ് ആർ ഒക്ക് അങ്ങനെയുള്ള ഒരു മേഖലയിൽ പേടകത്തെ സോഫ്റ്റ് ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞു എന്നത് തീർച്ചയായും അഭിമാനാർഹമായ നേട്ടമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ആദ്യമായി ഇറക്കുന്ന രാജ്യം എന്ന വലിയ നേട്ടം!

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമായിരുന്നു ചന്ദ്രയാൻ -3, ശാസ്ത്രജ്ഞർക്കും പര്യവേക്ഷണ വക്താക്കൾക്കും ഒരുപോലെ താത്്പര്യമുള്ള വലിയ അജ്ഞാത മേഖലയാണിത്. 2019 സെപ്തംബറിൽ ചന്ദ്രയാൻ-2 ലാൻഡർ സോഫ്റ്റ്‌വെയർ തകരാർ മൂലം ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ സോഫ്റ്റ് ലാൻഡിംഗിനുള്ള രാജ്യത്തിന്റെ ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്.
നിരവധി നവീകരണങ്ങൾക്ക് ശേഷം, പുനർനിർമിക്കപ്പെട്ട ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ശ്രീഹരിക്കോട്ടയിൽ നിന്ന് ജൂലൈ 14 നായിരുന്നു ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്.

ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ആദ്യമായി സുരക്ഷിത ഇറക്കം കൈവരിച്ചതോടെ ചരിത്രം സൃഷ്ടിക്കുകയാണ് നമ്മുടെ രാജ്യം.
ഇതോടെ, അമേരിക്ക , മുൻ സോവിയറ്റ് യൂനിയൻ, ചൈന എന്നിവക്ക് ശേഷം ചന്ദ്രനിൽ ഒരു പേടകത്തെ സോഫ്റ്റ് ലാൻഡ് ചെയ്യാൻ പ്രാപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടിക്കഴിഞ്ഞു.

ലാൻഡറിലേയും റോവറിലേയും ശാസ്ത്രീയ ഉപകരണങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിന്റെ ഭൗതിക സവിശേഷതകൾ, ഉപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷം, ഉപരിതലത്തിന് താഴെ നടക്കുന്ന ടെക്റ്റോണിക് പ്രവർത്തനങ്ങൾ തുടങ്ങിയവ കണ്ടെത്താനും വിശകലനം ചെയ്യാനും ശ്രമിക്കും.
വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി പൊടിപടലങ്ങൾ കെട്ടടങ്ങിയശേഷം പ്രഗ്യാൻ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി ചലിച്ചു തുടങ്ങി. 14 ദിവസമാണ് ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തന കാലാവധി. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്ക് കൈമാറും. ലാൻഡർ ഇന്ത്യയിലെ ബഹിരാകാശ വാർത്താവിനിമയ സംവിധാനമായ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിലേക്കും (ഐ ഡി എസ് എൻ) വിവരവിനിമയം നടത്തും. ചാന്ദ്രയാൻ-2 ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ചന്ദ്രയാൻ 2 ഓർബിറ്ററും ഈ വിവര കൈമാറ്റത്തിൽ ഭാഗമാകും.

പ്രഗ്യാൻ റോവറിൽ രണ്ട് ഉപകരണങ്ങളുണ്ട്. രണ്ടും ചന്ദ്രനിലെ മൂലകങ്ങളുടെ വിന്യാസവും രാസഘടനയും മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളിലാകും വ്യാപൃതമാവുക. അതിലൊന്ന് ലേസർ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് ആൽഫ കണങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളുമാണ് നിർവഹിക്കുക. മാത്രമല്ല, അത് ചന്ദ്രന്റെ ഉപരിതലത്തിലൂടെ തുഴഞ്ഞുനീങ്ങുകയും ചെയ്യും. ഭാവിയിലെ പര്യവേക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു റോബോട്ടിക് പാതാനിർണയം ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടും. ഇത് ചന്ദ്രോപരിതലത്തിലെ പൊടിയും മണ്ണുമടങ്ങുന്ന റിഗോലിത്തിനെപ്പറ്റി ശാസ്ത്രസമൂഹത്തിന് പുതിയ ഉൾക്കാഴ്ച നൽകും.

ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, വിദൂരഭാവിയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യവാസത്തിന് സഹായകമായേക്കാവുന്ന അന്വേഷണങ്ങളാണ്. അത് പ്രധാനമായും ജലത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളുമാണ്. ചൊവ്വയിലേക്കും മറ്റ് വിദൂര സ്ഥലങ്ങളിലേക്കും പോകുന്ന ബഹിരാകാശ പേടകങ്ങൾക്കുള്ള ഇടത്താവളമായും ചന്ദ്രോപരിതലത്തെ ഉപയോഗിക്കാം. സ്ഥിരമായ നിഴലിൽ നിലനിൽക്കുന്ന ഗർത്തങ്ങളുടെ ഉപരിതല വിസ്തീർണം വളരെ വലുതാണെന്നും വലിയ അളവിൽ ജലം ഉറഞ്ഞുകിടക്കുന്ന ഹിമശേഖരം അവിടെയുണ്ടാകാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവം ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മേഖലയാണ്. ദക്ഷിണ ധ്രുവപ്രദേശത്തുണ്ടെന്ന് അനുമാനിക്കപ്പെടുന്ന ജലഹിമപാളികൾ കണ്ടെത്താൻ കഴിയുമെങ്കിൽ, റോക്കറ്റ് ഇന്ധനത്തിനും ഭാവിയിലെ ദൗത്യങ്ങൾക്കുള്ള ലൈഫ് സപ്പോർട്ടിനും വേണ്ടി അത് ഖനനം ചെയ്യാം എന്ന സാധ്യതയാണ് ഈ മേഖലയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.

Latest