Uae
യു എ ഇ ഭരണത്തില്‍ യുവരക്ത സ്വാധീനം വര്‍ധിക്കുമ്പോള്‍
യു എ ഇ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിക്കപ്പെട്ടത് രാജ്യ ഭരണ രംഗത്ത് തലമുറ മാറ്റത്തിന്റെ രണ്ടാം കേളികൊട്ടാണ്
യു എ ഇ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിക്കപ്പെട്ടത് രാജ്യ ഭരണ രംഗത്ത് തലമുറ മാറ്റത്തിന്റെ രണ്ടാം കേളികൊട്ടാണ് .പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും കൂടിയാലോചിച്ചായിരുന്നു പ്രഖ്യാപനം . വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചു .പുതു രക്തം വലിയ ചുമതലയിലേക്ക് എത്തിപ്പെടുന്നതിന്റെയും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിഭാവനം ചെയ്ത പാരസ്പര്യ സഫലീകരണത്തിന്റെയും കൂടിചേരലാണ് നടന്നത് .
തലമുറ മാറ്റത്തിന്റെ ആദ്യ ചുവട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു എ ഇ പ്രസിഡന്റായപ്പോഴായിരുന്നു .ലോകത്തെ ഏറ്റവും മികച്ച രാജ്യമാകാന്‍ യു എ ഇ കുതിക്കുമ്പോള്‍ യുവ രക്തങ്ങള്‍ തേരാളികളാവുകയാണ് .ചുറുചുറുക്കാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മുഖമുദ്ര . യു എ ഈ പ്രതിരോധ മന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യ വ്യക്തിത്വം .പല വെല്ലുവിളി നേരിടുന്ന മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാന പാലനത്തിനു മിക്ക രാജ്യങ്ങളും യു എ ഇയാണ് ഉറ്റു നോക്കുന്നത് .നയചാതുര്യവും കരുത്തുമുള്ള പ്രതിരോധ മന്ത്രി യു എ ഇയുടെ പ്രശസ്തി കുറേക്കൂടി വര്‍ധിപ്പിക്കുന്നു . സാഹസികതകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തി നേടിയിട്ടുണ്ട് ശൈഖ് ഹംദാന്‍ .മാത്രമല്ല ,സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന യുവ ഭരണാധികാരിയാണ് . ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ 1.5 കോടിയിലധികം ആളുകള്‍ പിന്തുടരുന്നു . വേട്ട മൃഗങ്ങള്‍ , കവിതകള്‍ , കായിക വിനോദങ്ങള്‍ , ഫോട്ടോഗ്രാഫി എന്നിങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ഇഷ്ടങ്ങള്‍ നിറയാറുണ്ട് .ലോകത്തിലെ പൊക്കമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കാല്‍നടയായി കയറി പതാക പറത്തുന്ന ചിത്രം മാധ്യമങ്ങളില്‍ തരംഗമായിരുന്നു .1982ല്‍ ജനനം . 2006 മുതല്‍ 2008 വരെ ദുബൈ ഉപ ഭരണാധികാരിയായി .ഫസ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന കവിതകള്‍ ശ്രദ്ധേയം . ‘സഹായിക്കുന്നവന്‍’ എന്നാണ് ഫസയുടെ അര്‍ത്ഥം. അത് അന്വര്‍ഥമാക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ .ഒരു കുതിരസവാരിക്കാരന്‍ എന്ന നിലയില്‍, ലോക ഇക്വസ്ട്രിയന്‍ ഗെയിംസില്‍ ഒന്നിലധികം ഇനങ്ങളില്‍ ലോക ചാമ്പ്യനാണ് . സ്‌കൈ ഡൈവിംഗ്, സ്‌കൂബ ഡൈവിംഗ് എന്നിവയും പരീക്ഷിക്കാറുണ്ട് . യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെയും മകനാണ് .ശൈഖ് മുഹമ്മദ് യു എ ഇ പ്രതിരോധ മന്ത്രിയായിരുന്നു .അത്രയും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യാന്‍ തുടക്കത്തില്‍ തന്നെ പ്രഥമ പ്രസിഡന്റ് ശൈഖ് സായിദ് ചുമതലപ്പെടുത്തിയത് അന്ന് യുവാവായ ശൈഖ് മുഹമ്മദിനെ.ആ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്.
റാശിദ് സ്‌കൂള്‍ ഫോര്‍ ബോയ്സിലായിരുന്നു പ്രാഥമിക പഠനം . യു കെയിലായിരുന്നു ബിരുദ പഠനം .2008 ഫെബ്രുവരി ഒന്നിന് ദുബൈ കിരീടാവകാശിയായി . സഹോദരന്‍ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ ഉപ ഭരണാധികാരിയായി.അറബ് യുവാക്കള്‍ മാതൃകാ രാജ്യമായി (മോഡല്‍) കാണുന്നത് യു എ ഇയെ .ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ഭരണമാണ് ഇവിടുത്തേതെന്ന് മിക്കവരും കരുതുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും ആവലാതികളും പ്രകടിപ്പിക്കാന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലുണ്ട്. ഭരണാധികാരികള്‍ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും അനുരൂപമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതേസമയം, സാമൂഹിക സുരക്ഷിതത്വവും വേണ്ടുവോളമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍, പാശ്ചാത്യരെ വെല്ലുന്ന മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു. അല്ലലില്ലാത്ത ജീവിതത്തിന് ഏറ്റവും പറ്റിയ ഇടമായി അറബ് യുവാക്കളില്‍ ഭൂരിപക്ഷം കാണുന്നത് യു എ ഇയെ. അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഖത്വറിന്. സമ്പദ് വ്യവസ്ഥയില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവന്നതിലൂടെ യു എ ഇ സാമ്പത്തികമായും കെട്ടുറപ്പുള്ള രാജ്യമായി. എണ്ണ സ്രോതസ് വറ്റിയാലും യു എ ഇക്ക് ഭയക്കാനില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചും പുനഃകയറ്റുമതിക്ക് പശ്ചാത്തല സൗകര്യമൊരുക്കിയും രാജ്യം സ്ഥിരത കൈവരിച്ചിരിക്കുന്നു. യു എ ഇയില്‍ ഏറ്റവും പ്രശംസനീയമായ ഘടകം ഏതെന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അറബ് യുവാക്കള്‍ പറഞ്ഞത്. സുരക്ഷിതത്വമാണെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളര്‍ച്ച നേടുന്ന സാമ്പത്തികരംഗം (29), ജീവിതോപാധിക്കുള്ള സാധ്യത (29), ഗുണമേന്മയുള്ള വിദ്യാഭ്യാസം (20), സാംസ്‌കാരിക മൂല്യങ്ങളെ ബഹുമാനിക്കല്‍ (19)എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. സംരംഭങ്ങള്‍ക്ക് ഏറ്റവും പറ്റിയ രാജ്യം യു എ ഇയാണ്.ഏഷ്യ ,മധ്യ പൗരസ്ത്യ ദേശ – ആഫ്രിക്ക വന്‍കരകളില്‍ പ്രവാസികള്‍ക്ക്കുടിയേറാന്‍ ഏറ്റവും ഇഷ്ട രാജ്യം യു എ ഇ .മുമ്പ്,സിഗ് മ ആഗോള ആരോഗ്യ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത് . ക്ഷേമവും ജീവിത നിലവാരവും സുരക്ഷിതമായ തൊഴില്‍ വിപണിയും യുഎഇയെ പ്രവാസികള്‍ക്ക് ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുന്നു.യുഎഇയുടെ ക്ഷേമ സൂചിക 2021 മുതല്‍ 2.1 ആയി വളര്‍ന്നു.ലോകത്തു തന്നെ മികച്ച വളര്‍ച്ചയാണിത് . രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വിസ മാനദണ്ഡ ലഘൂകരണം , മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ പ്രതിഫലനമാണിത് .ക്ഷേമ സൂചികയില്‍ യുഎഇ സ്‌കോര്‍ 68.2 ആണ്.ആഗോള ശരാശരിയായ 62.9 ന് മുകളിലാണിത് . യുഎസ്എ, യുകെ, ചൈന, സ്‌പെയിന്‍, ഓസ്ട്രേലിയ എന്നിവ തൊട്ടുപിന്നില്‍ നില്‍ക്കുന്നു .. ആഗോള പ്രവാസികളില്‍ 4% പേര്‍ യുഎഇയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു . ഈ പട്ടികയില്‍ ഇടം നേടിയ മേഖലയിലെ ഏക രാജ്യം യു എ ഇ . യുഎഇയില്‍ ശരാശരി പ്രവാസി ദൈര്‍ഘ്യം (4.4 വര്‍ഷം) ആഗോള ശരാശരിയേക്കാള്‍ (3.2 വര്‍ഷം) വളരെ കൂടുതലാണ്. യുഎഇ നിവാസികള്‍ അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ് . യുഎഇയില്‍ നിലവാരമുള്ള കുടുംബ സമയം ആസ്വദിച്ചത് ആഗോള ശരാശരിയായ 45.5% നെ അപേക്ഷിച്ച് 56.4ശതമാനമാണ് . യുഎഇയില്‍ ആളുകള്‍ക്ക് കുടുംബബന്ധങ്ങള്‍ പ്രധാനമായി തുടരുന്നു.ഇതൊക്കെക്കൊണ്ട് യു എ ഇ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.ഭരണത്തിലെ യുവത്വത്തിന്റെ നേട്ടങ്ങളാണിതൊക്കെ.യു എ ഇയെ പുതിയ കാലത്തേക്ക് ഒരുക്കാന്‍ വിവിധ എമിറേറ്റുകളിലെ കിരീടാവകാശികള്‍,യുവ മന്ത്രിമാര്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.അവര്‍ക്ക് ശൈഖ് ഹംദാന്റെ പുതിയ ഉത്തരവാദിത്തങ്ങള്‍ ആവേശം പകരും.