Kerala
അസ്ഗറലി ഫൈസിയെ പുറത്താക്കിയ സംഭവം; ഇ കെ വിഭാഗം പ്രതിഷേധ സംഗമം ഇന്ന് പെരിന്തൽമണ്ണയിൽ
ഇന്ന് വൈകിട്ട് ഏഴിനാണ് സമ്മേളനം

സ്വന്തം ലേഖകൻ
കോഴിക്കോട് | ഇ കെ വിഭാഗം മുശാവറ അംഗം അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് പുറത്താക്കിയതിനെതിരെയുള്ള പ്രതിഷേധ സംഗമം ഇന്ന്. പെരിന്തൽമണ്ണയിൽ നടക്കുന്ന പരിപാടിയിൽ ഇ കെ വിഭാഗത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. വൈകിട്ട് ഏഴിനാണ് സംഭവം. മുസ്‌ലിം ലീഗ് അനുകൂല മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിലെ അധ്യാപകനായ അസ്ഗറലി ഫൈസിയെ കഴിഞ്ഞ മാസമാണ് പുറത്താക്കിയത്. ബിദ്ഈ കക്ഷികളുടെ പരിപാടികളിൽ സംബന്ധിക്കുന്ന ഇ കെ വിഭാഗം നേതൃ സ്ഥാനത്തുള്ള ലീഗ് നേതാക്കൾക്കെതിരെ പരോക്ഷ വിമർശമുയർത്തിയ സാഹചര്യത്തിലായിരുന്നു നടപടി. സൗഹാർദത്തിന്റെ പേരിൽ ഏത് വേദിയും പങ്കിടുന്നവരെ നാൽക്കാലിയോട് ഉപമിച്ചുകൊണ്ടായിരുന്നു അസ്ഗറലി ഫൈസിയുടെ പ്രസംഗം.
ഫൈസിയുടെ ശിഷ്യൻമാരുടെ കൂട്ടായ്മയായ അൻവാറു ത്വലബ സ്റ്റുഡന്റ്‌സ് അസ്സോസിയേഷനാണ് പെരിന്തൽമണ്ണയിലെ ഇന്നത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതെങ്കിലും മുതിർന്ന നേതാക്കളുടെ പിന്തുണയും സഹായവും പരിപാടിക്ക് ലഭിക്കുന്നുണ്ട്. സമ്മേളന നഗരിയിലേക്ക് മൈക്ക് പെർമിഷനും മറ്റും ആദ്യഘട്ടത്തിൽ മുടക്കം നേരിട്ടെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ അനുമതി ലഭിച്ചു. ഇന്ന് വൈകിട്ടോടെ അനുമതി ലഭിച്ചു.
അതേസമയം, അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സി കെ സഈദ് മുസ്‌ലിയാർ അരിപ്രയെ മുദർരിസായി നിയമിച്ചതായി ജാമിഅ നൂരിയ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 90 വയസ്സ് പ്രായമുള്ള അദ്ദേഹത്തെ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രത്യേക താത്പര്യമെടുത്ത് ജാമിഅയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നാണ് വിശദീകരണം.
എന്നാൽ, ജാമിഅയുടെ ജൂനിയർ കോളജുകളിൽ കുട്ടികളെ കിട്ടാത്ത സാഹചര്യം വന്നപ്പോൾ മെനഞ്ഞെടുത്ത രാഷ്ട്രീയ ഗെയിമെന്നാണ് ഈ പോസ്റ്റിന് താഴെ ചിലർ പ്രതികരിച്ചിരിക്കുന്നത്.