Kerala
ആശമാരുടെ രാപ്പകല്‍ സമരം 57ാം ദിവസത്തിലേക്ക്; മന്ത്രി വി ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ച ഇന്ന്
തൊഴില്‍ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചര്‍ച്ച നടക്കുന്നത്.

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ച ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറില്‍ വച്ചാണ് ചര്‍ച്ച. ഫോണില്‍ പോലും തന്നെ സമരക്കാര്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്നലെ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു സമരക്കാര്‍ മന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ചത്. തൊഴില്‍ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചര്‍ച്ച നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി മൂന്നുതവണ സമരക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, ആശമാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 57ാം ദിവസത്തിലേക്കും നിരാഹാര സമരം 19ാം ദിവസത്തിലേക്കും കടന്നു. ട്രേഡ് യൂണിയനുകള്‍ക്കെതിരെ ആശ സമരസമിതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകള്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് ആശ സമര സമിതി നേതാവ് മിനിയുടെ വിമര്‍ശനം.