Connect with us

Kerala

ആശമാരുടെ സമരം; സഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർ സമരപ്പന്തലിൽ: പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ഇന്നലത്തെ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരം ആശ വര്‍ക്കര്‍മാര്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയേറ്റില്‍ നിരാഹാര സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. നിയമസഭ ബഹിഷ്‌കരിച്ച് സമരപന്തലിലെത്തിയാണ് പ്രതിപക്ഷനേതാവും യുഡിഎഫ് എംഎല്‍എമാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

സമരം തീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണ്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരും ആശമാര്‍ക്കായി പോരാട്ടം നടത്തുകയാണ്.ആശമാരുടെ പ്രശ്‌നം രാജ്യശ്രദ്ധയില്‍ എത്തിച്ചത് കോണ്‍ഗ്രസ് എംപിമാരാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ട് കഴിഞ്ഞ 39 ദിവസമായി ആശമാര്‍ തുടങ്ങിയ സമരം സര്‍ക്കാര്‍ പരിഹരിക്കാതെ വന്നതോടെയാണ് നിരാഹാരസമരം ഇന്ന് തുടങ്ങിയത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ഇന്നലത്തെ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരം ആശ വര്‍ക്കര്‍മാര്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഓണറേറിയം 21000 രൂപയാക്കി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം ആയി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാതെ ഒരടി പിന്നോട്ടില്ല എന്ന നിലപാടിലാണ് ആശമാര്‍. രണ്ടാംഘട്ട സമരത്തിന് കൂടുതല്‍ ആശാ പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.

ആശാ വര്‍ക്കര്‍മാരുടെ വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല.
ആശാ വര്‍ക്കര്‍മാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. മുന്‍കൂട്ടി ചോദിക്കാത്തിരുന്നതിനാല്‍ കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്.

Latest