Kerala
ആശമാരുടെ സമരം: കേന്ദ്ര വാദത്തെ വീണ്ടും എതിര്‍ത്ത് കേരളം; യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സഭയില്‍ വച്ച് ആരോഗ്യ മന്ത്രി
സ്റ്റേറ്റ് എന്‍ എച്ച് എം, നാഷണല്‍ ഹെല്‍ത്ത് മിഷ്‌ന് കൈമാറിയ സര്‍ട്ടിഫിക്കറ്റാണ് മന്ത്രി നിയമസഭയില്‍ വച്ചത്.

തിരുവനന്തപുരം | ആശമാരുടെ വേതന വിഷയത്തില്‍ കേന്ദ്ര വാദത്തെ വീണ്ടും എതിര്‍ത്ത് കേരളം. 2023-24 വര്‍ഷത്തില്‍ കോബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച പണം തന്നിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് മന്ത്രി നിയമസഭയില്‍ വച്ചു. സ്റ്റേറ്റ് എന്‍ എച്ച് എം, നാഷണല്‍ ഹെല്‍ത്ത് മിഷന് കൈമാറിയ സര്‍ട്ടിഫിക്കറ്റാണ് വച്ചത്.
അതിനിടെ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വീണ്ടും രംഗത്തെത്തി. സമരപ്പന്തലിലെത്തിയ അദ്ദേഹം ആശമാരുമായി കൂടിക്കാഴ്ച നടത്തി. ആശമാര്‍ക്ക് കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തിട്ടുണ്ട്. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണം. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിക്കണം. അവഹേളിച്ച സി ഐ ടി യു നേതാക്കളോട് പോകാന്‍ പറ എന്നും സുരേഷ് ഗോപി ആശമാരോട് പറഞ്ഞു.
ആശമാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധനയില്‍ കേന്ദ്ര നടപടി സ്വാഗതാര്‍ഹമാണെന്ന് സമരസമിതി നേതാവ് വി കെ സദാനന്ദന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഇടപെടലില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലഭിക്കുന്നത് 18 വര്‍ഷം മുമ്പ് നിശ്ചയിച്ച ഇന്‍സെന്റീവാണെന്ന് സമരസമിതി പ്രതികരിച്ചു.