National
ആശാ സമരം; കേന്ദ്ര ധനമന്ത്രിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തും
കടമെടുപ്പ് പരിധി, വയനാട് സഹായം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കും.

ന്യൂഡല്‍ഹി | ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വേതന വര്‍ദ്ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം കേന്ദ്രത്തില്‍ ഉന്നയിക്കുമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്.കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും.
ആശാ പ്രോജക്റ്റ് കേന്ദ്രസര്‍ക്കാര്‍ ആവശ്യ പ്രോജക്റ്റാണ്.സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഓണറേറിയമാണ് കൊടുക്കുന്നത്. കേരളമാണ് ഇന്ത്യയില്‍ ഓണറേറിയവും മികച്ച കൂലിയും ഏറ്റവും കൂടുതല്‍ നല്‍കുന്ന സംസ്ഥാനമെന്നും കെവി തോമസ് പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സത്യസന്ധമാണ്. കേരളത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ വിവരം കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് 11, 12 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടികാഴ്ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.കെവി തോമസിന്റെ കൂടിക്കാഴ്ച്ചയില്‍ കടമെടുപ്പ് പരിധി, വയനാട് സഹായം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്നാണ് വിവരം.