Kerala
ആശാവര്‍ക്കര്‍മാരുടെ സമരം 11ാം ദിവസം; സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മഹാസംഗമം
ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരം| ആശാവര്‍ക്കര്‍മാരുടെ സമരം 11ാം ദിവസത്തിലേക്ക്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ ഒന്നിപ്പിച്ച് ഇന്നു മഹാസംഗമമാണ് നടക്കുന്നത്. 10000ത്തില്‍ അധികം പേര്‍ സമരത്തില്‍ പങ്കെടുക്കും. ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തില്‍ അനുനയനീക്കം തുടരുകയാണ്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ ആകില്ല എന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്.
സമരം പത്താം ദിനം പിന്നിടുമ്പോള്‍ ആശാവര്‍ക്കേഴ്സിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ആവശ്യവും അനാവശ്യവും തിരിച്ചറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആശാ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളുമാണ് ഹരജിയിലെ എതിര്‍കക്ഷികള്‍.
സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയും റോഡും കൈയ്യേറി നടത്തിയ രാപ്പകല്‍ സമരം കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നാണ് ഹരജിക്കാരന്റെ വാദം. മരട് സ്വദേശി എന്‍ പ്രകാശ് ആണ് സമരക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ആശ വര്‍ക്കര്‍മാരുടെ സമരം. ഈ സാഹചര്യത്തില്‍ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയ്ക്കും ആശ വര്‍ക്കര്‍മാരുടെ നേതാക്കള്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.