Connect with us

Kerala

ആശാ വര്‍ക്കര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം: ആന്റോ ആന്റണി എം പി

ആശാ വര്‍ക്കര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ ഇന്‍സെന്റീവ്‌ പ്രതിമാസം 24,000 രൂപയാക്കി ഉയര്‍ത്തണം.

Published

|

Last Updated

ന്യൂഡല്‍ഹി | ആശാ വര്‍ക്കര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി എം പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇതിനു കഴിയുന്നില്ലെങ്കില്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്‌ പ്രതിമാസം 24,000 രൂപയാക്കി ഉയര്‍ത്തണം. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായ ആശാ തൊഴിലാളികള്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്. ആരോഗ്യ സംരക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും, മോശം തൊഴില്‍ സാഹചര്യങ്ങളും കുറഞ്ഞ വേതനവും കാരണം അവര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ആശാ തൊഴിലാളികള്‍ ഒന്നിലധികം ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് കനത്ത ജോലിഭാരത്തിനും ആരോഗ്യ അപകടങ്ങള്‍ക്കും കാരണമാകുന്നു. ശരിയായ പിന്തുണയുടെ അഭാവം മൂലം പലരും പോഷകാഹാരക്കുറവ്, വിളര്‍ച്ച, മറ്റ് രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണ്.

ആശമാര്‍ക്കു നിലവില്‍ ലഭിക്കുന്നത് പ്രതിമാസം 2,000 രൂപയാണ്. ഇത് വളരെ അപര്യാപ്തവും അവരുടെ സേവനങ്ങളുടെ നിര്‍ണായക സ്വഭാവം പ്രതിഫലിപ്പിക്കാത്തതുമാണ്. കൂടാതെ, പലരും ജോലി സംബന്ധമായ ചെലവുകള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു, ഇത് അവരെ കൂടുതല്‍ സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടുന്നു.

കേരളത്തില്‍, കൊവിഡ് 19 മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ആശാ തൊഴിലാളികള്‍ വലിയ പങ്കാണ് വഹിച്ചത്. പൊതുജനാരോഗ്യത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടും, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കുന്ന തുക അപര്യാപ്തമായതിനാല്‍ വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ കഴിഞ്ഞ 52 ദിവസമായി ആശമാര്‍ സമരത്തിലാണെന്നും ആന്റോ ആന്റണി എം പി പറഞ്ഞു.

 

---- facebook comment plugin here -----

Latest