Connect with us

Kerala

സമരയാത്രക്കൊരുങ്ങി ആശമാര്‍; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 ദിവസത്തെ പര്യടനം

ജില്ലകളിൽ രണ്ടോ മൂന്നോ ദിവസങ്ങളില്‍ സഞ്ചരിച്ച് തീര്‍ക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സമരം ശക്തമാക്കാന്‍ ആശമാരുടെ തീരുമാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 ദിവസത്തെ രാപ്പകല്‍ സമരയാത്ര നടത്തും. മേയ് അഞ്ചിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് അവസാനിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണ് പുതിയ സമര മുറകളുമായി രംഗത്തെത്തിയതെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കേരള ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആണ് സമരയാത്രയുടെ ക്യാപ്റ്റന്‍. മേയ് ഒന്നിന് ഫ്‌ളഗ് ഓഫ് ചെയ്യും. ഓരോ ജില്ലകളിലും രണ്ടോ മൂന്നോ ദിവസങ്ങളില്‍ സഞ്ചരിച്ച് തീര്‍ക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തെരുവുകളില്‍ തന്നെ അന്തിയുറങ്ങി ജൂണ്‍ 17 ഓടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിച്ചേരും.

 

Latest