Farmers Protest
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തത് പരിശോധനയില്‍ തെളിഞ്ഞു

ലഖ്നോ | ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ കാര്‍ കയറ്റികൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കര്‍ഷകര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ച് കയറ്റുന്നതിനൊപ്പം ആശിഷ് മിശ്ര വെടിവെച്ചതിനുമാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ആശിഷ് മിശ്ര വെടിവെച്ചതായി കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തുന്ന സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കുനേരേ വെടിവച്ചതായി ആദ്യം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള ആയുധങ്ങള്‍ ലഖിംപൂര്‍ ഖേരി പോലിസ് പിടിച്ചെടുത്തത്.
ഒക്ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.