Connect with us

National

അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഇഡിക്ക് മുന്നില്‍ ഹാജരായി

വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ലെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| വിദേശനാണ്യ വിനിമയ ചട്ടം ലംഘനക്കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)മുന്നില്‍ ഹാജരായി. രാവിലെ 11.30ഓടെയാണ് വൈഭവ് ഗെഹ്‌ലോട്ട് ഇഡിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് എത്തിയത്. ഇഡിയുടെ ജയ്പൂരിലെയോ ഡല്‍ഹിയിലെയോ ഓഫീസില്‍ ഹാജരാവാനാണ് വൈഭവിന് നിര്‍ദേശം ലഭിച്ചത്.

രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിലും വര്‍ധ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിലും ഉടമകളായ ശിവ് ശങ്കര്‍ ശര്‍മയുടെയും രത്തന്‍ കാന്ത് ശര്‍മയുടെയും വീടുകളിലും നടത്തിയ പരിശോധനയ്ക്കു പിന്നാലെയായിരുന്നു സമന്‍സ്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ 1.2 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ട്രൈറ്റണ്‍ ഗ്രൂപ്പിന് 2007-2008 കാലഘട്ടത്തില്‍ മൗറീഷ്യസില്‍ നിന്ന് നിക്ഷേപം ലഭിച്ചെന്നാണ് ആരോപണം. രത്തന്‍ കാന്ത് ശര്‍മയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വൈഭവിനെ ചോദ്യം ചെയ്യുന്നത്.

മകനെതിരായ ആരോപണങ്ങള്‍ അശോക് ഗെഹ്‌ലോട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈഭവിന് ഒരു ടാക്‌സി കമ്പനി മാത്രമേയുള്ളൂ. രത്തന്‍ ശര്‍മ നേരത്തെ പങ്കാളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതിനാല്‍ വിശ്വാസ്യത നഷ്ടമായെന്ന് ഗെഹ്‌ലോട്ട് വിമര്‍ശിച്ചു.

 

 

 

Latest