Afghanistan crisis
താന്‍ രാജ്യം വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അശ്‌റഫ് ഗനി
പണക്കൂമ്പാരവുമായാണ് താന്‍ രാജ്യം വിട്ടതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
അബുദബി | രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്ന് യു എ ഇയില്‍ അഭയം തേടിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി. രാജ്യം വിട്ട ശേഷം ആദ്യമായാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്. അതിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനായി. പണക്കൂമ്പാരവുമായാണ് താന്‍ രാജ്യം വിട്ടതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ലോകത്തെ അഭിസംബോധന ചെയ്തത്.
ഗനിക്കും കുടുംബത്തിനും അഭയം നൽകിയ കാര്യം ഇന്നാണ് യു എ ഇ സ്ഥിരീകരിച്ചത്. മാനുഷിക അടിസ്ഥാനത്തില്‍ യുഎഇ ഇവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരികരിച്ചു.
സഹോദരരാജ്യമായ അഫ്ഗാനിസ്ഥാനില്‍ അടിയന്തിരമായി സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം യുഎഇ ഊന്നിപ്പറഞ്ഞിരുന്നു. സമീപകാല സംഭവവികാസങ്ങള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.ഞായാറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന്‍ വിട്ടത്. ആദ്യം അയല്‍ രാജ്യമായ താജികിസ്താനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍