Connect with us

sharjah book fair

അശ്റഫ് താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടത്: പ്രജേഷ്സെൻ

ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ മോഷണം പോയെന്ന് വരുത്തിതീർത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്.

Published

|

Last Updated

ഷാർജ | ജീവകാരുണ്യ മേഖലയിൽ വേറിട്ടവഴിയിൽ സഞ്ചരിക്കുന്ന അശ്റഫ് താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണെന്നും സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെന്നും സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്സെൻ പറഞ്ഞു. പുസ്തകത്തിൽ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അശ്റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്‌കത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം നടൻ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രജേഷ് സെൻ.

മാധ്യമ പ്രവർത്തനം തന്റെ സിനിമാ ജീവിതത്തിൽ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്സെൻ പറഞ്ഞു. പത്ത് വർഷത്തെ മാധ്യമ പ്രവർത്തനത്തിൽ വലിയ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ വ്യക്തികളെ വരെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാൻ കഴിഞ്ഞത് സിനിമാ കഥാപാത്ര സൃഷ്ടിക്ക് സഹായകമായി. സ്‌കൂൾ പഠനകാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണൻ. പിന്നീട് പത്രപ്രവർത്തകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയർത്തിക്കാട്ടാൻ മാധ്യമപ്രവർത്തകർ മടിച്ചു. എത്ര വിശ്വസ്തനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ അത് അപ്പടി റിപ്പോർട്ട് ചെയ്യാതെ സാമാന്യ ബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പറയാനുള്ളത്.

ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ മോഷണം പോയെന്ന് വരുത്തിതീർത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ഇത് മാധ്യമ പ്രവർത്തകരുടെ വലിയ പിഴവാണ്. റോക്കറ്റ് സാങ്കേതികവിദ്യ പാക്കിസ്ഥാന് വിറ്റുവെന്നാണ് കേസ്. വിപണിയിൽ ഫ്രാൻസ് 100 കോടിക്ക് വിൽക്കാൻ വെച്ച സാങ്കേതിക വിദ്യയാണ് നമ്പി നാരായണൻ 400 കോടിക്ക് അയൽരാജ്യത്തിന് രഹസ്യമായി വിറ്റുവെന്ന കേസുണ്ടാക്കിയത്. ഇതിലെ ലോജിക്ക് എന്താണെന്ന് പോലും ചിന്തിക്കാൻ അന്നത്തെ മാധ്യമ പ്രവർത്തകർ തയ്യാറായില്ല. ഇത്തരം വാർത്തകൾ ഒന്ന് ആലോചനാ വിധേയമാക്കിയിരുന്നുവെങ്കിൽ അനവധി പേരുടെ ജീവിതം മാറ്റിയെടുക്കാൻ കഴിയുമായിരുന്നു-പ്രജേഷ് സെൻ പറഞ്ഞു.

ചലച്ചിത്രങ്ങളെ ഗൗരവമായി കാണുന്നവരാണ് മലയാളികൾ: ജയസൂര്യ
ഷാർജ | ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളിൽ കാണുന്ന തരത്തിൽ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലൻമാരെയോ മലയാളത്തിൽ അംഗീകരിക്കില്ല.

ഓരോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാള പ്രേക്ഷകർ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താൽ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിംഗിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സിനിമാ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest