Connect with us

From the print

മധ്യപ്രദേശ് കമാൽ മൗല മസ്ജിദിലും എ എസ് ഐ സർവേ

ശാസ്ത്രീയ പരിശോധന നടത്തി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, ദേവ് നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

Published

|

Last Updated

ഭോപാല്‍ | വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന് പിന്നാലെ മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) സര്‍വേ നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലാണ് ഭോജ്ശാല ക്ഷേത്രവും കമാല്‍ മൗല മസ്ജിദും സ്ഥിതി ചെയ്യുന്നത്. ശാസ്ത്രീയ പരിശോധന നടത്തി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, ദേവ് നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്ന വാദമുയര്‍ത്തി ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസിന് വേണ്ടി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

മസ്ജിദ് പരിസരത്ത് സര്‍വേ, ഉത്ഖനനം, കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന എന്നിവ നടത്താന്‍ കോടതി നിര്‍ദേശിച്ചു. അടച്ചിട്ട മുറികള്‍ തുറന്ന് പരിശോധന നടത്താനും എ എസ് ഐക്ക് കോടതി അനുമതി നല്‍കി. ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. നിലവില്‍ എ എസ് ഐയുടെ സംരക്ഷണയിലാണ് കെട്ടിടം.

സരസ്വതി ദേവിയെ പ്രതിഷ്ഠിച്ച ഭോജ്ശാല ക്ഷേത്രമാണ് ഇതെന്നാണ് ഹിന്ദുത്വ വിഭാഗത്തിന്റെ അവകാശവാദം. സര്‍വേയില്‍ മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞാല്‍ നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.