asia cup final
ഏഷ്യാ കപ്പ്: ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ചാമ്പ്യന്മാര്‍
ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെ തീപാറും ബോളുകളാണ് ലങ്കയുടെ നട്ടെല്ല് തകര്‍ത്തത്.
കൊളംബോ | ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് പുറത്തായി. 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 51 റണ്‍സെടുത്ത് ഇന്ത്യ വിജയിച്ചു.
ഇശാന്‍ കിഷന്‍ 23ഉം ശുബ്മാന്‍ ഗില്‍ 27ഉം റണ്‍സെടുത്തു. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെ തീപാറും ബോളുകളാണ് ലങ്കയുടെ നട്ടെല്ല് തകര്‍ത്തത്. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറ് വിക്കറ്റ് കൊയ്തത്. 2.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ഓപണർ കുശാല്‍ പെരേരയെ കൂടാരം കയറ്റി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ലങ്കന്‍ ബാറ്റിംഗ് നിരയില്‍ ടോപ് സ്‌കോറര്‍. അഞ്ച് പേര്‍ സംപൂജ്യരായി. മെന്‍ഡിസിന് പുറമെ 13 റണ്‍സെടുത്ത ദുശാന്‍ ഹിമാന്ദയാണ് രണ്ടക്കം കടന്നത്.
പത്ത് റണ്‍സ് പിന്നിടും മുമ്പ് നാല് വിക്കറ്റുകൾ ലങ്കക്ക് നഷ്ടമായിരുന്നു. മൂന്നാം വറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് ലങ്കയുടെ കഥകഴിച്ചത്. പതും നിസ്സങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ എന്നിവരെയാണ് മൂന്നാം ഓവറില്‍ സിറാജ് പുറത്താക്കിയത്. മഴ കാരണം വൈകിയായിരുന്നു കളി ആരംഭിച്ചത്.
ടോസ് ലഭിച്ച ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും ഇല്ല. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ലങ്കന്‍ ടീമില്‍ മഹീഷ് തീക്ഷണക്ക് പകരം ദുഷന്‍ ഹിമാന്ദയെ ഉള്‍പ്പെടുത്തി.