Connect with us

Ongoing News

ഏഷ്യാ കപ്പ്: ഇന്ത്യ-ശ്രീലങ്ക ഫൈനല്‍

സൂപ്പര്‍ ഫോറിലെ ആവേശകരമായ മത്സരത്തില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ലങ്കന്‍ പട കലാശക്കളിയിലേക്ക് കുതിച്ചത്. അവസാന പന്തിലായിരുന്നു ലങ്കയുടെ വിജയം.

Published

|

Last Updated

കൊളംബോ | ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക ഫൈനലില്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ സൂപ്പര്‍ ഫോറിലെ ആവേശകരമായ മത്സരത്തില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ലങ്കന്‍ പട കലാശക്കളിയിലേക്ക് കുതിച്ചത്. അവസാന പന്തിലായിരുന്നു ലങ്കയുടെ വിജയം. ഈമാസം 17ന് ഞായറാഴ്ച നടക്കുന്ന അന്തിമ അങ്കത്തില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളി.

മഴ മൂലം ഇടക്ക് നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ ഡി എല്‍ എസ് പ്രകാരം ഇരു ടീമിനും 42 ഓവര്‍ വീതമാണ് ലഭിച്ചത്. കുശല്‍ മെന്‍ഡിസ്, സദീര സമര വിക്രമ, ചരിത് അസലംഗ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. മെന്‍ഡിസ് 87 പന്തില്‍ 91ലെത്തിയപ്പോള്‍ സദീര 51ല്‍ 48 റണ്‍സെടുത്തു. ചരിത് അസലംഗ 47 പന്തില്‍ 49 എടുത്തു. ശ്രീലങ്കയുടെ വിജയറണ്‍ കുറിച്ചത് അസലംഗയാണ്. താരത്തിന്റെ പോരാട്ടവീര്യമാണ് ടീമിനെ കലാശക്കളിയിലേക്ക് നയിച്ചത്. പാക്കിസ്ഥാനു വേണ്ടി ഇഫ്തികര്‍ അഹമ്മദ് മൂന്നും ഷഹീന്‍ അഫ്രീദി, രണ്ടും വിക്കറ്റെടുത്തു. ഷദാബ് ഖാന്‍ ഒരു വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും അബ്ദുല്ല ശഫീഖിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് 252ല്‍ എത്തിയത്. 73 പന്തുകള്‍ നേരിട്ട റിസ്വാന്‍ പുറത്താകാതെ 96 റണ്‍സെടുത്തപ്പോള്‍ 69ല്‍ 52 ആയിരുന്നു ഷഫീഖിന്റെ സംഭാവന. വേഗത്തില്‍ സ്‌കോര്‍ ചെയ്ത ഇഫ്തിഖര്‍ അഹമ്മദ് 40 പന്തില്‍ 47ലെത്തി. ബാബര്‍ അസം 29 റണ്‍സെടുത്തു. മതീഷ് പതിരണയാണ് ശ്രീലങ്കന്‍ ബോളിങ് നിരയില്‍ കൂടുതല്‍ മികച്ചു നിന്നത്. എട്ട് ഓവറില്‍ 65 റണ്‍സ് വഴങ്ങിയെങ്കിലും പതിരണ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രമോദ് മധുഷന്‍ രണ്ടും മഹീഷ് തീക്ഷണയും ദുനിത് വെല്ലലാഗെയും ഓരോന്നും വിക്കറ്റ് സ്വന്തമാക്കി.

Latest