Qatar World Cup 2022
വീണ്ടും ഏഷ്യന്‍ അട്ടിമറി; ജപ്പാന്‍ കരുത്തിന് മുന്നില്‍ കീഴടങ്ങി ജര്‍മനി
ഒരു ഗോളിന് പിന്നിട്ട ശേഷം കളിയുടെ അവസാന ഘട്ടങ്ങളിലാണ് ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടുന്നത്.
ദോഹ | അര്‍ജന്റീനയെ സഊദി അറേബ്യ കശക്കിയെറിഞ്ഞതിന് പിന്നാലെ, മറ്റൊരു ഏഷ്യന്‍ അട്ടിമറി. ജര്‍മനിയെ ജപ്പാനാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ ജയം. ഒരു ഗോളിന് പിന്നിട്ട ശേഷം കളിയുടെ അവസാന ഘട്ടങ്ങളിലാണ് ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടുന്നത്.
ഒരു ഗോളിന്റെ ലീഡുമായി ജര്‍മനിയായിരുന്നു ഒന്നാം പകുതിയില്‍ മുന്നില്‍. 33ാം മിനുട്ടില്‍ ഇല്‍കായ് ഗുണ്ടോഗന്‍ ആണ് പെനല്‍റ്റി ഗോളാക്കിയത്. ജപ്പാന്റെ ഷൂയ്ച്ചി ഗോണ്ടയാണ് ഫൗള്‍ ചെയ്തത്.
75ാം മിനുട്ടില്‍ റിത്സു ഡോവന്‍ സമനില ഗോള്‍ നേടി. ബോക്‌സിന്റെ മധ്യത്തില്‍ നിന്നുള്ള ഉഗ്രനൊരു ഇടങ്കാലനടിയാണ് ഗോളായത്. അധികം വൈകാതെ 83ാം മിനുട്ടില്‍ താകുമ അസാനോ ലീഡ് ഗോള്‍ അടിച്ചു. ബോക്‌സിന്റെ ആറ് യാര്‍ഡ് അകലെ നിന്നുള്ള ഷോട്ടായിരുന്നു അത്. കോ ഇതാകുറയാണ് അസിസ്റ്റ് ചെയ്തത്.
പന്തടക്കത്തിലും ഗോള്‍ ഷോട്ടുകളിലും ജര്‍മനിയായിരുന്നു ബഹുദൂരം മുന്നില്‍. ഇരുടീമുകളും ഫൗള്‍ വരുത്തിയെങ്കിലും മത്സരത്തില്‍ കാര്‍ഡുകള്‍ ഉയര്‍ത്തേണ്ടി വന്നില്ല റഫറി ഇവാന്‍ ആഴ്‌സിഡസ് ബാര്‍ട്ടന്‍ സിസ്‌നെറോസിന്.