From the print
ഏഷ്യന്‍ ഗെയിംസ്: ദീപിക പള്ളിക്കലിന് സ്വര്‍ണം
മിക്സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍- ഹരീന്ദര്‍ സിംഗ് സഖ്യത്തിന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഈ ഇനത്തില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്.
ഹാംഗ്ചൗ | ഏഷ്യന്‍ ഗെയിംസ് മിക്സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍- ഹരീന്ദര്‍ സിംഗ് സഖ്യത്തിന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഈ ഇനത്തില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്. മലേഷ്യന്‍ താരങ്ങളായ ഐഫ അസ്മാന്‍ – മുഹമ്മദ് സിയാഫിഖ് കമാല്‍ സഖ്യത്തെ 11-10, 11-10ന് തോല്‍പ്പിച്ചാണ് ദീപിക – ഹരീന്ദര്‍ സഖ്യം മെഡല്‍ നേടിയത്. ഇതടക്കം ഇന്നലെ മൂന്ന് സ്വര്‍ണമാണ് ഇന്ത്യക്ക് ലഭിച്ചത്.
അന്‌പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം എയ്ത് വീഴ്ത്തി. പര്‍നീത് കൗര്‍, അതിഥി ഗോപിചന്ദ് സ്വാമി, ജ്യോതി സുരേഖ എന്നിവരാണ് വനിത ടീമിനത്തില്‍ ചൈനീസ് തായ്‌പേയ് ടീമിനെ 230-229ന് തോല്‍പ്പിച്ചത്. പുരുഷന്മാരില്‍ അഭിഷേക് വര്‍മ, ഓജസ്, പ്രഥമേഷ് ജൗകര്‍ എന്നിവര്‍ ദക്ഷിണ കൊറിയന്‍ ടീമിനെ 235-230ന് തോല്‍പ്പിച്ചു.
അതിനിടെ, മലയാളിയായ പ്രണോയ് എച്ച് എസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചു. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു പുറത്തായത് തിരിച്ചടിയായി. വനിതാ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ചൈനയോട് പരാജയപ്പെട്ടു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍വി.
ഇന്നലെ ഒരോ വെള്ളിയും വെങ്കലവും ലഭിച്ചതോടെ 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമായി ഇന്ത്യന്‍ മെഡല്‍ നേട്ടം 86ലെത്തി.