asian games 2023
ഏഷ്യന്‍ ഗെയിംസ്: ഹാട്രിക് സ്വര്‍ണം എയ്തുവീഴ്ത്തി ഇന്ത്യ
കോമ്പൗണ്ട് അമ്പെയ്ത്തില്‍ ചരിത്ര നേട്ടമാണ് ഇന്ത്യ കൊയ്തത്.
ഹാംഗ്ചൗ | ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്ത് കോമ്പൗണ്ട് മത്സരത്തില്‍ ഇന്ത്യക്ക് ഹാട്രിക് സ്വര്‍ണം. കോമ്പൗണ്ട് പുരുഷ, വനിതാ ടീമുകളും മിക്‌സഡ് ടീമുമാണ് സ്വര്‍ണം എയ്ത് വീഴ്ത്തിയത്.
പുരുഷന്മാരുടെയും വനിതകളുടെയും വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണമോ വെള്ളിയോ ഉറപ്പാകുകയും ചെയ്തു. വനിത വിഭാഗത്തില്‍ വെങ്കലത്തിനും സാധ്യതയുണ്ട്. കോമ്പൗണ്ട് അമ്പെയ്ത്തില്‍ ചരിത്ര നേട്ടമാണ് ഇന്ത്യ കൊയ്തത്.
അതിനിടെ, മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കല്‍, ഹരീന്ദര്‍ സിംഗ് സഖ്യം സ്വര്‍ണം നേടി. മലയാളിയായ പ്രണോയ് എച്ച് എസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചു. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു പുറത്തായത് തിരിച്ചടിയായി.
വനിതാ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം ചൈനയോട് പരാജയപ്പെട്ടു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയത്. ജപ്പാന്‍- ദക്ഷിണ കൊറിയ മത്സരത്തിലെ വിജയിയുമായി വെങ്കല മെഡലിനായി മറ്റന്നാള്‍ ഇന്ത്യന്‍ ടീം പോരാടും. 2018 ഏഷ്യാഡിലെ വെള്ളി മെഡല്‍ ജേതാക്കളായിരുന്നു ഇന്ത്യ. പുരുഷ കബഡി ടീം ജപ്പാനെ തോല്‍പ്പിച്ച് സെമിയിലെത്തി. നാളെയാണ് സെമി.