Ongoing News
ഏഷ്യൻ ഗെയിംസ്: പത്താം ദിനം ഇരട്ട സ്വർണമടക്കം ഇന്ത്യക്ക് ഒൻപത് മെഡലുകൾ
മൊത്തം മെഡൽ പട്ടികയിൽ 15 സ്വർണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകളാണ് രാജ്യം നേടിയത്.
ഹാങ്ചൗ | 19-ാമത് ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനം ഇരട്ട സ്വർണം നേടി ഇന്ത്യൻ അത്‌ലറ്റുകൾ. ജാവലിൻ ത്രോയിൽ 62.92 മീറ്റർ ദൂരം കൈവരിച്ച് അന്നു റാണി സ്വർണം നേടിയപ്പോൾ 5000 മീറ്റർ ഓട്ടത്തിൽ പരുൾ ചൗധരിയും സ്വർണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണം 15 ആയി. മൊത്തം മെഡൽ പട്ടികയിൽ 15 സ്വർണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകളാണ് രാജ്യം നേടിയത്. പട്ടികയിൽ നാലാം സ്ഥാനത്താണ് രാജ്യം.
അന്നു റാണിയുടെ രണ്ടാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്. 2014ലെ ഏഷ്യൻ ഗെയിംസിലെ വെങ്കലമാണ് ആദ്യ മെഡൽ. വനിതകളുടെ ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡ് ഉടമ കൂടിയാണ് 31 കാരിയായ അന്നു റാണി . 2022 ലെ ഇന്ത്യൻ ഓപ്പൺ ജാവലിൻ ത്രോ മത്സരത്തിൽ അവർ 63.82 മീറ്റർ ദൂരം എറിഞ്ഞാണ് ദേശീയ റെക്കോർഡിട്ടത്.
വനിതകളുടെ 5000 മീറ്റർ ഫൈനലിൽ 15:14.75 സെക്കൻഡിൽ ഓടിയെത്തിയാണ് പരുൾ ചൗധരി സ്വർണം നേടിയത്. ഈ വർഷം ആദ്യം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 5000 മീറ്ററിൽ വെള്ളി മെഡൽ ജേതാവാണ് 28 കാരിയായ പരുൾ ചൗധരി. തിങ്കളാഴ്ച നടന്ന വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളി നേടിയതിന് ശേഷം 19-ാമത് ഏഷ്യൻ ഗെയിംസിലെ പരുൾ ചൗധരിയുടെ രണ്ടാമത്തെ മെഡലാണിത്.
പുരുഷന്മാരുടെ ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കർ, പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ എന്നിവർ ഇന്ന് വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലിലിൽ, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ്, വനിതകളുടെ 54 കിലോ ബോക്‌സിംഗിൽ പ്രീതി പവാർ, പുരുഷന്മാരുടെ കാനോ ഡബിൾ 1000 മീറ്ററിൽ അർജുൻ സിംഗ്, സുനിൽ സിംഗ്, പുരുഷന്മാരുടെ + 92 കിലോഗ്രാം ബോക്‌സിംഗിൽ നരേന്ദർ എന്നിവരാണ് ഇന്ന് വെങ്കലം നേടിയത്.
ചൊവ്വാഴ്ച രണ്ട് സ്വർണവും രണ്ട് വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 9 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. അതിൽ 6 മെഡലുകൾ അത്‌ലറ്റിക്‌സിലും രണ്ട് മെഡലുകൾ ബോക്‌സിംഗിലും ഒരു വെങ്കലവും കനോയിങ്ങിലുമാണ്.