Connect with us

asian games

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റ് സ്വര്‍ണം ഇന്ത്യക്ക്

സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം ഇന്ത്യക്ക്. ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ ലങ്ക മുന്നേറ്റം നടത്തി. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ലങ്ക 12 റണ്‍സടിച്ചു. രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത പൂജ വസ്ട്രക്കര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മൂന്നാം ഓവറില്‍ സഞ്ജീവനിയെ(1) പുറത്താക്കിയ ടിറ്റാസ് സാധു ഇന്ത്യയുടെ കരുത്തുകാട്ടി. ടിറ്റാസ് അതേ ഓവറില്‍ വിഷമി ഗുണരത്‌നെയെ(0) കൂടി മടക്കിയതോടെ ലങ്കക്ക് ഇരട്ട പ്രഹരമായി.

ടിറ്റാസ്, ചമരി അത്തപത്തുവിനെ(12) കൂടി മടക്കിയതോടെ ലങ്ക പരജായം മണത്തു. അവസാന ഓവറില്‍ പൂജ വസ്ട്രക്കറെ മൂന്ന് ബൗണ്ടറിയടിച്ച് ഹസിനി പെരേര ഞെട്ടിച്ചെങ്കിലും ലങ്കയുടെ ജയത്തിലേക്ക് അത് മതിയായിരുന്നില്ല. പത്താം ഓവറില്‍ രാജേശ്വരി ഗെയ്ക്വാദിനെ സിക്‌സിനും ഫോറിനും പറത്തിയതിന് പിന്നാലെ ഹസിനി പെരേര(22 പന്തില്‍ 25) പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു. അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യം ബാറ്റ് ചെയ്ത പതിനേഴാം ഓവറില്‍ 102-3 എന്ന കരുത്തുറ്റ നിലയിലായിരുന്നെങ്കിലും ഇന്ത്യക്ക് അവസാന മൂന്നോവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. പതിനഞ്ചാം ഓവറില്‍ സ്മൃതി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 89 റണ്‍സായിരുന്നു. ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്വാദ് രണ്ടും വിക്കറ്റെടുത്തു.