National
ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു; കര്‍ണാടകയില്‍ അധ്യാപിക രാജിവെച്ചു
തുമാകൂരിലെ ജെയിന്‍ പിയു കോളേജിലെ ഇംഗ്ലീഷ് ലക്ചററായ ചാന്ദിനി നാസാണ് രാജിവെച്ചത്.
ബെംഗളൂരു | കോളജില്‍ പ്രവേശിക്കാന്‍ ഹിജാബ് അഴിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക രാജിവെച്ചു. തുമാകൂരിലെ ജെയിന്‍ പിയു കോളേജിലെ ഇംഗ്ലീഷ് ലക്ചററായ ചാന്ദിനി നാസാണ് രാജിവെച്ചത്. ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടത് തന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഈ കോളജില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഹിജാബ് അണിഞ്ഞാണ് ഇതുവരെ വന്നതെന്നും ചാന്ദിനി പറഞ്ഞു. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കോളജില്‍ എത്തിയപ്പോള്‍ ഹിജാബും മതചിഹ്നവും ധരിച്ച് ക്ലാസെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അത് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് തന്റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മതപരമായ ആചാരം അനുഷ്ടിക്കുവാന്‍ ഭരണഘടന അനുവാദം തരുന്നുണ്ട്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചാന്ദ്‌നി രാജിക്കത്തില്‍ പറഞ്ഞു. അതേസമയം, താനോ മാനേജ്‌മെന്റിലെ മറ്റാരെങ്കിലുമോ ഹിജാബ് അഴിക്കാന്‍ അധ്യാപികയോട ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കര്‍ണാടകയില്‍ ഹിജാബ് സമരം രൂക്ഷമാകുന്നതിനിടയിലാണ് അധ്യാപികയുടെ രാജി. ഹിജാബ് വിലക്കിന് എതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ഇതിനിടെ അന്തിമ വിധി വരും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് കൂടുതല്‍ കോളജുകളില്‍ ഇപ്പോള്‍ ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതിരുന്നതാണ് സംഭവവികാസങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇവര്‍ ക്ലാസിന് പുറത്ത് പ്രതിഷേധിച്ചു. അവസരം മുതലെടുക്കുന്നതിനായി സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ചില വിദ്യാര്‍ഥികള്‍ കാവി ഷാളണിഞ്ഞ് കോളജിലെത്തി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു. ഇതോടെ പ്രതിഷേധം മാണ്ഡ്യ, ഷിവമോഗ തുടങ്ങി കൂടുതല്‍ സ്ഥലങ്ങളിലെ ക്യാമ്പസുകളിലേക്ക് വ്യാപകിക്കുകയായിരന്നു.
പ്രശ്‌നം രൂക്ഷമായതോടെ കോളജുകള്‍ ഏതാനും ദിവസത്തേക്ക് അടച്ചിട്ടുവെങ്കിലും പിന്നീട് കോടതി നിര്‍ദേശത്തെ തുര്‍ന്ന് തുറന്നു. ഇതിന് ശേഷവും സ്ഥാപനങ്ങളില്‍ ഹിജാബ വിലക്ക് തുടരുകയാണ്.