Connect with us

International

അസദ് സിറിയ വിട്ടത് രഹസ്യങ്ങളെല്ലാം ഇസ്‌റാഈലിന് ചോര്‍ത്തിയ ശേഷം

ആയുധശേഖരം സൂക്ഷിച്ച സ്ഥലങ്ങളടക്കം ചോര്‍ത്തിയെന്ന് തുര്‍ക്കി ദിനപത്രം.

Published

|

Last Updated

ദമാസ്‌കസ് | രാജ്യത്തിന്റെ അധികാരം വിമത സൈന്യം പിടിച്ചെടുത്തതോടെ നാടുവിട്ട മുന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശര്‍ അല്‍ അസദ് സൈനിക രഹസ്യങ്ങള്‍ ഇസ്റാഈലിന് കൊമാറിയതായി ആരോപണം. ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്ന് തുര്‍ക്കി ദിനപത്രമായ ഹുറിയത്ത് റിപോര്‍ട്ട് ചെയ്യുന്നു.

രാജ്യം വിടുന്നതിനിടെ ഇസ്റാഈല്‍ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനായാണ് ആയുധങ്ങളുള്ള സ്ഥലങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്നാണ് ഹുറിയത്ത് പുറത്തുവിട്ട റിപോര്‍ട്ടിലുള്ളത്.

അസദ് രാജ്യം വിട്ടതിനു പിന്നാലെ ഈ മാസം എട്ട് മുതല്‍ ഇസ്റാഈല്‍ തുടര്‍ച്ചയായി സിറിയന്‍ സൈനിക പോസ്റ്റുകളെയും നാവിക, ആയുധ ശേഖരങ്ങളെയും നിരന്തരം ആക്രമിക്കുകയാണ്. ഇതോടെ സംശയം ബലപ്പെടുകയാണെന്ന് പേര് വെളിപ്പെടുത്താത്തയാള്‍ പറഞ്ഞതായി ഹുറിയത്തിന്റെ രാഷ്ട്രീയ നിരൂപകനായ അബ്ദുല്‍ കാദിര്‍ സെല്‍വി പറഞ്ഞു.

സിറിയന്‍ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണമെന്നായിരുന്നു ഇസ്റാഈല്‍ അവകാശവാദം. ബശ്ശര്‍ നാടുവിട്ടതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് സിറിയയില്‍ നടന്നത്. കടലില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍, ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍, വിമാനവേധ മിസൈലുകള്‍, 15 നാവികസേനാ കപ്പലുകള്‍ എന്നിവ തകര്‍ത്തെന്നാണ് ഐ ഡി എഫ് അവകാശപ്പെട്ടത്. സിറിയയില്‍ ആക്രമണം നടത്തുന്ന വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു.

യു കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും (എസ് ഒ എച്ച് ആര്‍) വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ടാര്‍ട്ടസിലെ ആയുധ താവളത്തിനു നേരെ ഇസ്റാഈല്‍ ആക്രമണം നടത്തിയതായി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നവംബര്‍ 27നായിരുന്നു വിമതര്‍ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയത്.

 

 

Latest