Connect with us

Kerala

അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍...; ഭക്തി സാന്ദ്രമായി അവസാന വെള്ളി

മർകസ് നോളജ് സിറ്റിയിലെ മസ്ജിദുൽ ഫുതൂഹിലും മലപ്പുറം മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലും ഇന്നലെ ജുമുഅക്ക് എത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ

Published

|

Last Updated

മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ജുമുഅ നിസ്കാരത്തിന് എത്തിയ വിശ്വാസികൾ

കോഴിക്കോട് / മലപ്പുറം | അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍… വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികൾ. ഏറെ പവിത്രമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും പുണ്യം നിറഞ്ഞ റമസാന്‍ 27ാം രാവും ഒരുമിച്ച് കിട്ടിയതിന്റെ ധന്യതയിലാണ് ഇക്കൊലം മുസ്്‌ലിം വിശ്വാസികള്‍. റമസാനിലെ അവസാന വെള്ളിയാഴ്ച ഖുതുബക്കിടെ പള്ളികളിലെ ഖതീബുമാര്‍ അസ്സലാമു അലൈക യാ ശഹ്‌റ ”റമസാന്‍…” എന്ന് റമസാന് വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഹൃദയം തുടിച്ചു. പലരും വികാര ദീനരാവുകയും ചെയ്തു.

11 മാസത്തെ കാത്തിരിപ്പിനു ശേഷം കടന്നുവന്ന റമസാന്‍ സത്കര്‍മങ്ങള്‍ക്ക് പലമടങ്ങ് പ്രതിഫലം നല്‍കപ്പെടുന്ന മാസമാണ്. അതുകൊണ്ട് തന്നെ വൃതാനുഷ്ടാനത്തിന് പുറമെ ധാനധര്‍മം, സാധുജന പരിപാലനം, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് വിതരണങ്ങള്‍, പള്ളികളില്‍ ഇഅ്തിഖാഫിരിക്കൽ മഹാന്‍മാരുടെയും ബന്ധുക്കളുടെയും ഖബറ് സിയാറത്ത് ചെയ്യല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സത്കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയാണ് മുസ്്‌ലിം വിശ്വാസികള്‍ റമസാന് വിടപറയുന്നത്.

അവസാന ജുമുഅ നിസ്‌കാരത്തിന് കോഴിക്കോട് നഗരത്തിലെ പള്ളികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിന് ആവശ്യമായ വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തിയവരാണ് നഗരത്തിലെ പള്ളികളെ ജനനിബിഢമാക്കിയത്. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. റമസാനിലെ അവശേഷിക്കുന്ന മണിക്കൂറുകള്‍ വിലപ്പെട്ടതാണെന്നും സത്കര്‍മങ്ങളിലായി വാപൃതരാകണമെന്നും അദ്ദേഹം ഉണര്‍ത്തി.

മലപ്പുറം മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ജുമുഅ നിസ്കാരത്തിന് സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്നു

ഇന്നലെ മലപ്പുറം മഅദിന്‍ ഗ്രാന്റ് മസ്ജിദിലും ജുമു നിസ്കാരത്തിന് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കിയത്. വിശുദ്ധ റമസാനിന് വിടചൊല്ലി സലാം പറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഉള്ളം പിടഞ്ഞു. ഇനിയുമനേകം റമസാനുകളെ സ്വീകരിക്കാന്‍ വിധിയുണ്ടാകണേയെന്നവര്‍ സ്രഷ്ടാവിനോട് കൈകളുയര്‍ത്തി.

വിശുദ്ധ റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ഹൃദയ ശുദ്ദി ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കണമെന്നും അശരണരുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കിരാതമായി കൊല ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ഫലസ്തീനികള്‍ക്ക് പ്ര്‌ത്യേക പ്രാര്‍ത്ഥന നടത്തി.

Latest