National
അസം കല്‍ക്കരി ഖനി അപകടം: കാണാതായ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം ഒമ്പതായി
45 ദിവസം നടത്തിയ തിരച്ചിലിലാണ് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്

ഉമ്രാംഗ്‌സോ | അസമിലെ ദിമഹസാഓ ജില്ലയിലെ ഉമ്രാംഗ്സോ കല്‍ക്കരി ഖനിയിലെ പ്രളയത്തില്‍ കാണാതായവരില്‍ അഞ്ച് ഖനി തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അവശേഷിക്കുന്ന അഞ്ച് ഖനിത്തൊഴിലാളികളുടെ മൃതശരീരങ്ങള്‍ ഖനിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നെന്നും അവയവങ്ങള്‍ തിരിച്ചറിയാനുള്ള പ്രക്രിയ ആരംഭിച്ചതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ജനുവരി ആറിനായിരുന്നു അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ആദ്യ മൃതദേഹം കണ്ടെടുത്തത്. പിന്നീട് ജനുവരി 11ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. 45 ദിവസം തുടര്‍ച്ചയായി നടത്തിയ തിരച്ചിലിലാണ് ഇന്നലെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.
ഗംഗ ബഹദൂര്‍ ശ്രേസ്ത (38), ഹുസൈന്‍ അലി (30), സാകിര്‍ ഹുസൈന്‍ (30), സര്‍പ ബര്‍മ (46), മുസ്തഫ ഷേഖ് (44), ഖുസി മോഹന്‍ റായി (57), സഞ്ചിത് സര്‍ക്കാര്‍ (35), ലിജന്‍ മഗര്‍ (26), സരത് ഗൊയാരി(37) എന്നിവരാണ് കൊല്ലപ്പെട്ട ഖനി തൊഴിലാളികള്‍.
310 അടി താഴ്ചയുള്ള ഖനിക്ക് ധാരാളം ചെറിയ ടണലുകളുമുള്ളതാണ് തിരച്ചിലിന് വെല്ലുവിളിയായത്. പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തൊഴുക്കിക്കളഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഉമ്രാങ്സോ ഖനികളുടെ വെള്ളമൊഴിവാക്കി വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം തുടരുകയാണ്.
അസം ഖനി മന്ത്രി കൗശിക് റായ് മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് എക്സിലൂടെ അറിയിച്ചു. ആദ്യ നാളുകളിലെ രക്ഷാപ്രവര്‍ത്തനം മുതല്‍ സഹകരിച്ച സൈന്യം, അസം പോലീസ്, എന്‍ ഡി ആര്‍ എഫ് എന്നീ വകുപ്പുകള്‍ക്ക് മന്ത്രി നന്ദിയറിയിച്ചു. ജനുവരി ആദ്യം ഖനി മന്ത്രി കൗശിക് റായ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു.