kerala Sahithyotsav 2021
അസം: ഭരണകൂടം നിഷ്ഠൂരനീതി നടപ്പിലാക്കുന്നു, നിരാലംബർക്കുമേൽ സംഹാര നൃത്തം ചവിട്ടുന്നു: എസ് എസ് എഫ്
തെരുവിലേക്ക് തള്ളിവിടുകയല്ല, മാന്യമായി പുനരധിവസിപ്പിക്കാനുള്ള വഴി കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്.
കോഴിക്കോട് | അസമില്‍ അര നൂറ്റാണ്ടിലേറെയായി താമസിച്ചു പോരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് പുനരധിവസിക്കാനുള്ള സമയമോ സൗകര്യമോ ലഭ്യമാക്കാതെ 800 കുടുംബങ്ങളെ പുറം തള്ളുകയും കുടിയൊഴിപ്പിക്കലിന്റെ പേരില്‍ സമാനതകളില്ലാത്ത ക്രൂരത നടത്തുകയും ചെയ്ത ഭരണകൂട നടപടി മനുഷ്യത്വ വിരുദ്ധവും നിഷ്ഠൂരനീതിയുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പറഞ്ഞു. കേരള സാഹിത്യോത്സവിന്റെ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി പുരകെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കുമ്പോള്‍ അവരെ തെരുവിലേക്ക് തള്ളിവിടുകയല്ല ഭരണകൂടം ചെയ്യേണ്ടത് മാന്യമായി പുനരധിവസിപ്പിക്കാനുള്ള വഴി കാണുകയാണ് വേണ്ടത്. സ്വന്തം പൗരന്‍മാരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ഒരു സുപ്രഭാതത്തില്‍ അഭയാര്‍ഥികളാകേണ്ടി വരുന്നവരില്‍ നിന്ന് പ്രതിഷേധങ്ങളും പ്രതികരണങ്ങളും സ്വാഭാവികമാണ് അതിനെ അടിച്ചമര്‍ത്തുന്നതിന് പകരം ശരിയായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
വംശീയ ഉന്‍മൂലന ലക്ഷ്യത്തോടെ പെരുമാറുകയും വെടിയേറ്റു വീണ വ്യക്തിയുടെ നെഞ്ചില്‍ കയറി ആനന്ദ നൃത്തം ചവിട്ടുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ചിലര്‍ മാറുന്നത് വര്‍ഗീയ ശക്തികളുടെ മസ്തിഷ്‌ക പ്രക്ഷാളനം മൂലമാണ്. വര്‍ഗീയത ഉദ്പാദിപ്പിക്കുന്ന അത്തരം സംഘങ്ങളെ അപലപിക്കാനും അവര്‍ക്കെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും പൊതു സമൂഹം രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ രണ്ട് വരെ നീണ്ട് നില്‍ക്കുന്ന സാഹിത്യോത്സവില്‍ ഇന്ന് പ്രമുഖ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനവുമായി കഥ, കാലം, കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഹമ്മദലി കിനാലൂര്‍ നടത്തുന്ന സംഭാഷണം നടക്കും.