National
മുസ്‌ലിം സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സർവേക്ക് ഒരുങ്ങി അസം
മുസ്‌ലിം വോട്ട് വേണ്ടെന്ന് ഹിമാന്ത ബിശ്വ ശർമ
ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ | സംസ്ഥാനത്തെ അഞ്ച് തദ്ദേശീയ മുസ്‌ലിം സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സർവേക്ക് ഒരുങ്ങി അസം സർക്കാർ. ജനതാ ഭവനിൽ നടത്തിയ യോഗത്തിൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകി. അസമിലെ തദ്ദേശീയ മുസ്‌ലിം വിഭാഗങ്ങളായ ഗോറിയ, മോറിയ, ദേശി, സെയിദ്, ജോൽഹ എന്നിവയുടെ സാമൂഹിക- സാമ്പത്തിക വിലയിരുത്തൽ നടത്താനാണ് നിർദേശം.
സംസ്ഥാനത്തെ തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ സാമൂഹിക- രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് സർവേ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈശവ വിവാഹം പോലുള്ള ആചാരങ്ങൾ ഉപേക്ഷിക്കുന്നത് വരെ ചാർ പ്രദേശങ്ങളിലെ “മിയ’വിഭാക്കാരുടെ വോട്ടുകൾ ബി ജെ പിക്ക് ആവശ്യമില്ലെന്ന് ഹിമാന്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് “മിയ’.
തിരഞ്ഞെടുപ്പ് വരുമ്പോൾ ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർഥിക്കും. കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ബി ജെ പിക്ക് വോട്ട് ചെയ്താൽ മതിയെന്നും ഹിമന്ത പറഞ്ഞിരുന്നു. ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പത്ത് വർഷമെടുക്കും. ഇതിന് ശേഷം ഞങ്ങൾ വോട്ട് തേടും. തനിക്കും ബി ജെ പിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവർക്ക് രണ്ടോ മൂന്നോ കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നും അവരുടെ പെൺമക്കളെ സ്‌കൂളിൽ അയക്കണമെന്നും ശൈശവ വിവാഹത്തിൽ ഏർപ്പെടരുതെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശൈശവ വിവാഹങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട ഓപറേഷനിൽ 800 ലധികം പേരെ അറസ്റ്റ് ചെയ്തതായി ശർമ പറഞ്ഞു. ഓപറേഷൻ തുടരുന്നതിനാൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.