Connect with us

assam eviction

അസം: ധ്രുവീകരണത്തിന്റെ പരീക്ഷണ ശാലയാവുമ്പോള്‍

വര്‍ഗ്ഗീയത തലക്കുപിടിച്ച അധികാരവര്‍ഗ്ഗം നിരന്തരം വമിപ്പിച്ച അപരദ്വേഷത്തിന്റെ പ്രതിഫലനമാണിതെന്ന് നിസ്സംശയം പറയാം.

Published

|

Last Updated

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അസമില്‍ നിന്നുള്ള ദാരുണ ചിത്രത്തിന്റെ ആഘാതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പ്രസ്തുത സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഗവണ്‍മന്റിന്റെ മേല്‍ മാത്രമാണ്. എന്തെന്നാല്‍ ഇത് തികഞ്ഞ ഒരു സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് വയലന്‍സാണ് എന്നത് തന്നെ. വെടിയേറ്റു പിടയുന്ന ഒരു മനുഷ്യന്റെ മേല്‍ ആനന്ദ നൃത്തം ചവിട്ടിയ ആ ജീവി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യം ന്യായമായും അവശേഷിക്കുമെന്നറിയാം. അത് ഇന്ത്യയിലിന്ന് പല രൂപഭാവത്തില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന, ഇനിയും ആവര്‍ത്തിച്ചേക്കാവുന്ന വര്‍ഗ്ഗീയ വെറിയുടെ ആള്‍രൂപം മാത്രമാണ്.

അസമിലെ ദോല്‍പൂര്‍ ഭാഗത്തെ കുടിയൊഴിപ്പിക്കലിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ വ്യക്തമാവുന്ന ഒന്നാണ് പോലീസ് കാണിച്ച അമിതാവേശം. 2016 ല്‍ ബി.ജെ.പി ഗവണ്‍മന്റ് ആദ്യമായി അധികാരത്തിലേറിയ ഉടനെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുനിഞ്ഞിരുന്നെങ്കിലും വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. 2021 ല്‍ വീണ്ടും അധികാരത്തിലേറിയ ഭാരതീയ ജനതാ പര്‍ട്ടി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ ഭരണകൂടം വീണ്ടുമാരംഭിച്ച കുടിയൊഴിപ്പിക്കലിനെതിരെ ഗ്രാമീണര്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്നതുപോലും പരിഗണിക്കാതെ നടപടികള്‍ ആരംഭിക്കുകയായിരുന്നുവത്രേ. പുനരധിവാസ മേഖലയെ ചൊല്ലിയുള്ള സങ്കീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഗ്രാമീണര്‍ സ്വയം തന്നെ കുടിലുകള്‍ നീക്കം ചെയ്യുന്നതിനിടക്കാണ് ദരിദ്രകുടിലുകളുടെ മേല്‍ ബുള്‍ഡോസറുകള്‍ കയറിനിരപ്പാക്കിയതും ഒടുവില്‍ നമ്മള്‍ കണ്ട ദാരുണ ദൃശ്യങ്ങളിലേക്ക് നയിച്ചതുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു പ്രകോപനവും കൂടാതെ നിരായുധരായ ഗ്രാമീണരുടെ മേല്‍ വെടിയുണ്ടകള്‍ തറച്ചു കയറ്റുന്നതിനെ ആസൂത്രിതമായ ഭരണകൂട അക്രമം എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്.

കൃഷി ആവശ്യത്തിനെന്ന് പറഞ്ഞ് കര്‍ഷകരായ ഗ്രാമീണരെ തന്നെ കുടിയിറക്കുന്നത് വൈരുധ്യമായിരിക്കെ ഇതിന് പിന്നിലെ കോര്‍പ്പറേറ്റ് മാഫിയകളുടെ പങ്കും ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. വെടിയേറ്റു വീഴുന്ന ഒരു മനുഷ്യനെ വളഞ്ഞിട്ട് തല്ലിച്ചതക്കുക എന്നതൊക്കെ എത്രമാത്രം നീചമാണ്. ചലനമറ്റ ആ മനുഷ്യ ശരീരത്തിലേക്ക് ആഞ്ഞ് ചവിട്ടാന്‍ ക്യാമറയും തൂക്കി പിടിച്ച അക്രമിയെ പ്രേരിപ്പിച്ച ഘടകമെന്താവും. വര്‍ഗ്ഗീയത തലക്കുപിടിച്ച അധികാരവര്‍ഗ്ഗം നിരന്തരം വമിപ്പിച്ച അപരദ്വേഷത്തിന്റെ പ്രതിഫലനമാണിതെന്ന് നിസ്സംശയം പറയാം. കാരണം നമുക്ക് ചുറ്റും ഇന്ന് അത്രമേല്‍ മലീമസമായിരിക്കുന്നു കാര്യങ്ങള്‍. അപരദ്വേഷം പരത്തി ധ്രുവീകരണം നടത്തി ജനങ്ങളെ പരസ്പരം വൈരികളാക്കി മാറ്റാന്‍ ഭരണകൂടങ്ങള്‍ തന്നെ തുനിഞ്ഞിറങ്ങുമ്പോള്‍ പിന്നെ ആര് തടയിടാനാണ്. തടങ്കല്‍ പാളയങ്ങളുടെയും അപരത്വ നിര്‍മ്മിതിയുടേയും വാര്‍ത്തകളാദ്യം വന്നത് ആസ്സാമില്‍ നിന്ന് തന്നെയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു മതം മാനദണ്ഡമാക്കിയുള്ള നിയമ നിര്‍മ്മാണവും. അതിനാല്‍ തന്നെ മനുഷ്യത്വം കുടികൊള്ളുന്ന ഒരാള്‍ക്കും ഇത്തരം പൈശാചിക കൃത്യങ്ങളെ അപലപിക്കാതെ അതിനോട് ഓരം ചേരാനാവില്ല എന്നത് തീര്‍ച്ചയാണ്. നിരര്‍ത്ഥകമാണെങ്കിലും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവട്ടെയെന്നും ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും പ്രത്യാശിക്കാം.

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest