International
ട്രംപിന് നേരെ വധശ്രമം: പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തേ ശ്രദ്ധിച്ചു; സുരക്ഷാ വീഴ്ച മുതലെടുത്ത് അക്രമം
പിതാവിൻ്റെ എആർ-സ്റ്റൈൽ റൈഫിൾ ഉപയോഗിച്ചാണ് തോമസ് ട്രംപിന് നേരെ വെടിയുതിർത്തത്.
വാഷിംഗ്ടൺ | തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമം സുരക്ഷാ പാളിച്ച മുതലെടുത്തെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ട്രംപിന് നേരെ വെടിയുതിർത്ത 20കാരനായ തോമസ് മാത്യു ക്രൂക്സിനെ സംഭവത്തിന് മുമ്പ് തന്നെ നിയമപാലകർ ശ്രദ്ധിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റാലി നടക്കുന്നതിനിടെ തോമസ് മാത്യുവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പ്രാദേശിക നിയമപാലകരിൽ ഒരാൾ ഇയാളെ പിടികൂടാനായി ഇയാൾ നിന്നിരുന്ന കെട്ടിടത്തിന് മുകളിലേക്ക് പ്രവേശിച്ചു. ഈ സമയം അക്രമി നിയമപാലകന് നേരെ തോക്ക് ചൂണ്ടുകയും നിയമപാലകൻ സ്വയം രക്ഷാർത്ഥം പിൻവാങ്ങുകയുമായിരുന്നു. ഇതിന് തൊട്ടുടൻ തന്നെ അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്നത വിവരം. അക്രമിയെ കുറിച്ച് റാലിയിൽ പങ്കെടുത്ത ട്രംപ് അനുയായികളിൽ ചിലരും ഉദ്യോഗസ്ഥർക്ക് സൂചന നൽകിയിരുന്നതായി വിവരങ്ങളുണ്ട്.
പിതാവിൻ്റെ എആർ-സ്റ്റൈൽ റൈഫിൾ ഉപയോഗിച്ചാണ് തോമസ് ട്രംപിന് നേരെ വെടിയുതിർത്തത്. വെടിവെപ്പ് നടന്നയുടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രതിക്ക് നേരെ ഒൻപത് തവണ വെടിവെച്ചതായി ദൃശ്യങ്ങളിൽ കാണാം.
ആക്രമണകാരിയുടെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്തെന്നതിനെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം നടത്തിവരികയാണ്. തോക്കുധാരിയായ യുവാവിന് എങ്ങനെ റാലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.