Kerala
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; നാല് പ്രതികള്‍ പിടിയില്‍
ഇന്ന് പുലര്‍ച്ചെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവല്ല | പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. പെരിങ്ങര സ്വദേശി കണിയാംപറന്പില്‍ ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് (ഫൈസി) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു പെരിങ്ങര ചാത്തങ്കരി പുത്തന്‍വീട്ടില്‍ പി ബി സന്ദീപ് (32) കുത്തേറ്റ് മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.
ചാത്തങ്കരി എസ്എന്‍ഡിപി സ്‌കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു.
ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.