Connect with us

National

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊല; സൈന്യത്തിലെ കരാര്‍ നിയമനം ചര്‍ച്ചയാവുന്നു

സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വകാല നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രം 'ജാഗോ ബംഗ്ലാ' പ്രസിദ്ധീകരിച്ച വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായി.

Published

|

Last Updated

ന്യൂഡൽഹി | ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തെയും ഇന്ത്യന്‍ സൈന്യത്തില്‍ നടപ്പാക്കുന്ന കരാര്‍ നിയമനമായ അഗ്നിപഥ് പദ്ധതിയേയും ബന്ധിപ്പിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത്ത് ആബെയുടെ കൊലപാതകത്തെ അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്സും സമാന അഭിപ്രായം ഉയര്‍ത്തിയതാണ് ചർച്ചകൾ സജീവമാക്കിയത്.

ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ തെറ്റ്സുയ യമഗാമി നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം യമഗാമിക്ക് ജോലി നഷ്ടമായി. പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. ജോലിയില്ലാത്തതിന്റെ നിരാശയാണ് ആബെയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വകാല നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രം ‘ജാഗോ ബംഗ്ലാ’ പ്രസിദ്ധീകരിച്ച വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായി. അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആവലാതികള്‍ക്ക് അടിവരയിടുന്നതാണ് ഷിന്‍സോ ആബെയുടെ കൊലപാതകമെന്നാണു വാര്‍ത്ത പറയുന്നത്.

അഗ്നിപഥ് പദ്ധതിപ്രകാരം നാലു വര്‍ഷത്തേക്ക് സൈന്യത്തിലെടുക്കുന്ന യുവാക്കളെ പിന്നീട് പെന്‍ഷനോ വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളോ ഇല്ലാതെയാണ് പറഞ്ഞുവിടുകയെന്നും ഇത് ഇന്ത്യയിലും അരക്ഷിതരമായ യുവാക്കളെ സൃഷ്ടിക്കുമെന്നുമാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യയില്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച ഉടനെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും പടര്‍ന്നു.

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സൈന്യത്തില്‍ സ്ഥിരം ജോലിസാധ്യത നഷ്ടപ്പെടുമെന്ന ഭയമാണ് യുവാക്കളെ തെരുവിലിറക്കിയത്. മിക്കരാജ്യങ്ങളിലും യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ കാലത്ത് നിശ്ചിത കാലം സൈനിക സേവനം എന്നതാണ് രീതി.

ബി.ജെ.പി ഓഫീസുകളിലെ സുരക്ഷാ വിഭാഗത്തില്‍ അഗ്നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ നടത്തിയ പരമാര്‍ശം അന്തരീക്ഷം കലുഷമാക്കി. ഇന്ത്യയുടെ സൈന്യത്തെ ശക്തമാക്കുന്ന ഒരു വിപ്ലവ പദ്ധതിയാണ് അഗ്നിപഥെന്നാണു ബിജെപി പറയുന്നത്. അഗ്നിപഥിന്റെ പേരില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. അഗ്നിപഥ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ ചില ശക്തികള്‍ ആഗ്രഹിക്കുന്നില്ല. യുവാക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പരിഷ്‌കാരങ്ങളോ പുതിയ പദ്ധതികളോ ഇവര്‍ ആഗ്രഹിക്കുന്നില്ല. യുവാക്കള്‍ ഇപ്പോള്‍ ഇക്കൂട്ടരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും ബി ജെ പി പറഞ്ഞിരുന്നു.

ഇന്ത്യയില്‍ സൈന്യത്തിലേക്കുള്ള കരാര്‍ നിയമന നടപടികള്‍ പുരോഗമിക്കുമ്പോള്‍ ജപ്പാനില്‍ നിന്നുള്ള വാര്‍ത്തയുമായി അതിനെ ചേര്‍ത്തുകൊണ്ടുള്ള ചര്‍ച്ചകള്‍ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

Latest