Connect with us

International

ഇസ്മാഈല്‍ ഹനിയയുടെ കൊലപാതകം; മധ്യ പൗരസ്ത്യ ദേശത്തു നടുക്കം

ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ മേഖല എല്ലാം കൊണ്ടും കനത്ത നാശത്തിലേക്കു കൂപ്പുകുത്തും

Published

|

Last Updated

ദുബൈ ‘ഇസ്മാഈല്‍ ഹനിയയെ ഇസ്രാഈല്‍ കൊലപ്പെടുത്തിയത് ഹമാസിന്റെ ഇച്ഛാശക്തി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് . ഗുരുതരമായ സ്ഥിതിവിശേഷമാണിത് ‘ -ഹമാസിന്റെ മുതിര്‍ന്ന നേതാവ് സമി അബു സുഹ്രി പറഞ്ഞു.’എന്നാല്‍ ഹമാസ് സ്വന്തം പാത പിന്തുടരുക തന്നെ ചെയ്യും .ഞങ്ങള്‍ക്ക് വിജയത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇറാനില്‍ വെച്ചാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടത് .ഇത് മധ്യ പൗരസ്ത്യ ദേശത്തെ സംഘര്‍ഷം രൂക്ഷമാക്കി . തെഹ്‌റാനില്‍ ഹനിയ താമസിച്ച വീടിനുനേരെ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നു . ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം . ചൊവ്വാഴ്ച ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു . കൊലപാതകത്തിനു പിന്നില്‍ ഇസ്രാഈലാണെന്നു ഹമാസ് ആരോപിച്ചു. ഖത്വറില്‍ നിന്നാണ് ഹനിയ ഇറാനില്‍ എത്തിയത് .ഖത്വര്‍ കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. 2006ല്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ല്‍ ഇസ്രാഈല്‍ ജയിലിലായിരുന്നു . മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക് നാടു കടത്തി. ഒരു വര്‍ഷത്തിന് ശേഷം ഓസ്ലോ കരാര്‍ വ്യവസ്ഥയനുസരിച്ചു ഫലസ്തീനിലേക്ക് മടങ്ങിയ ഹനിയ സുരക്ഷ കണക്കിലെടുത്താണ് ഖത്വറിലേക്ക് താമസം മാറ്റിയത്.

ബുധനാഴ്ച രാവിലെയാണ് ഹനിയ കൊല്ലപ്പെട്ട വിവരം ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സ്ഥിരീകരിച്ചത് . ചൊവ്വാഴ്ചയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മര്‍സൂക് ചൂണ്ടിക്കാട്ടി .ഇസ്രാഈല്‍ -ഫലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ആകാമെന്ന് ഈയിടെ ഹനിയ വ്യക്തമാക്കിയിരുന്നു .പക്ഷേ ,ഹമാസിനെ നിര്‍വീര്യമാക്കുക എന്ന ഇസ്രാഈല്‍ ഗൂഡാലോചന അതിനുമപ്പുറമായി .ഗാസയില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ആണ്‍മക്കള്‍ കൊല്ലപ്പെട്ടപ്പോഴും പതറാത്ത വ്യക്തിത്വമായിരുന്നു . രാജ്യാന്തര നയതന്ത്രത്തിന്റെ പ്രസാദാത്മക മുഖമായിരുന്നു . പല നയതന്ത്രജ്ഞരും അദ്ദേഹത്തെ മിതവാദിയായി കണ്ടു.2017ലാണ് ഹമാസിന്റെ പ്രധാന നേതാവായി നിയമിതനായത് . ഗസ മുനമ്പിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് അദ്ദേഹം ആദ്യം പോയത് തുര്‍ക്കിയിലേക്കാണ് .പിന്നീടാണ് ഖത്വര്‍ തലസ്ഥാനമായ ദോഹയിലേക്ക് മാറിയത് . ഹമാസിനെ പിന്തുണക്കുന്ന നേതാക്കളുമായി ഗസ്സ ദുരിതം ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് ഇറാനിലെത്തിയത് .
‘നിങ്ങള്‍ (അറബ് രാജ്യങ്ങള്‍) ഒപ്പുവെച്ച കരാറുകള്‍ ഈ സംഘര്‍ഷം അവസാനിപ്പിക്കുമെന്നു കരുതുന്നില്ല ‘ ഹമാസ് പോരാളികള്‍ ഒക്ടോബര്‍ 7 ന് ഇസ്രാഈല്‍ റെയ്ഡ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ അല്‍ ജസീറ ടെലിവിഷനില്‍ ഹനിയ പ്രഖ്യാപിച്ചു.ആ നിലപാട് ശരിയാണെന്ന സൂചന കൂടി ഹനിയ വധിക്കപ്പെട്ട സംഭവത്തിലുണ്ട് .ഈ കൊലപാതകം മധ്യ പൗരസ്ത്യ ദേശത്തു നടുക്കമുളവാക്കിയിട്ടുണ്ട് .ഇറാനില്‍ ഇസ്രാഈല്‍ ആക്രമണകാരികള്‍ വ്യാപകമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സൂചന .ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ മേഖല എല്ലാം കൊണ്ടും കനത്ത നാശത്തിലേക്കു കൂപ്പുകുത്തും

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest