Connect with us

Kerala

ടിടിഇ വിനോദിന്റെ കൊലപാതകം; പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ടിക്കറ്റ് പരിശോധനക്കിടെ റെയില്‍വെ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ്സില്‍ വെച്ച് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിനാണ് ഒഡീഷ സ്വദേശിയായ രജനീകാന്ത, എറണാകുളം സ്വദേശിയായ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ട്രെയിന്‍ തൃശൂര്‍ വെളപ്പായയില്‍ എത്തിയപ്പോഴാണ് രജനീകാന്ത കൃത്യം നടത്തിയത്. പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

അതേസമയം ടി.ടി.ഇ കെ. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. കൊലയാളിയെ നിയമത്തിന് മുന്നില്‍ എത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ടിടിഇയുടെ മരണം ട്രെയിന്‍ യാത്രികരെയാകെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലാക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ യാത്രയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഇന്നലത്തെ സംഭവം. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും റെയില്‍വെ പോലീസിനും ഒഴിഞ്ഞു മാറാനാകില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ട്രെയിനിലെ എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടി റെയില്‍വെ സ്വീകരിക്കണമെന്നും അതിനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest