Connect with us

From the print

ഒഴിപ്പിക്കലിനൊപ്പം ആക്രമണവും; ഗസ്സയിലും ലബനാനിലും രക്തമൊഴുക്കി ഇസ്‌റാഈൽ

വടക്കൻ ഗസ്സയിൽ ഹമാസുമായി കനത്ത ഏറ്റുമുട്ടൽ • ഇസ്റാഈൽ അതിർത്തി ആക്രമിച്ച് ഹിസ്ബുല്ല

Published

|

Last Updated

ഗസ്സ | പുതിയ ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് ദാർ അൽ ബലാഹിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഫലസ്തീനികൾ നീങ്ങുന്നതിനിടെ ഗസ്സയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ കനത്ത ആക്രമണം നടത്തി ഇസ്‌റാഈൽ. രാവിലെ മുതൽ നടന്ന ആക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു.ലബനാനിലെ ത്വായിർ ഹർഫ, ഐത അൽ ജബൽ, മെയിസ് അൽ ജബൽ, ഐതറൂൺ എന്നിവിടങ്ങളിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.

ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്ത് ഹമാസും ഇസ്‌റാഈൽ സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. അഷ്‌കലോണിൽ നിന്നുള്ള 19കാരനായ തങ്ങളുടെ സൈനികൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ സ്ഥിരീകരിച്ചു. ഒക്‌ടോബർ ഏഴ് മുതൽ 695 സൈനികർ മരിച്ചെന്നാണ് ഇസ്‌റാഈലിന്റെ കണക്ക്.

അതിനിടെ, ഖാൻയൂനുസിന്റെ പടിഞ്ഞാറ് അൽ മവാസിയിലെ അൽ ഖറാറയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന താത്കാലിക ടെന്റുകളെ ഇസ്‌റാഈൽ സൈന്യം ലക്ഷ്യം വെക്കുന്ന വീഡിയോ പുറത്തുവന്നു. ഫലസ്തീൻ റെഡ് ക്രസന്റ് ആണ് എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിൽ നാല് പേരും കൊല്ലപ്പെട്ടു.
ഗസ്സ നഗരത്തിലെ സൈത്തറൂനിൽ ഹമാസിന്റെ കമാൻഡന്റ് സെന്റർ ആക്രമിച്ചതായി ഇസ്‌റാഈൽ അവകാശപ്പെട്ടു. മുമ്പ് സ്‌കൂളായി പ്രവർത്തിച്ച കെട്ടിടമാണെന്നും ആയുധങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും ഇസ്‌റാഈൽ അധികൃതർ പറഞ്ഞു.

അതിനിടെ, ഇസ്‌റാഈലിലെ സ്‌ദെറോത്ത് നഗരത്തെ ലക്ഷ്യമാക്കി ഗസ്സാ മുനമ്പിൽ നിന്ന് എത്തിയ റോക്കറ്റ് വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി അധികൃതർ പറഞ്ഞു. ഫലസ്തീൻ പ്രദേശത്തോട് ചേർന്ന സ്‌ദെറോത്ത്, എഫിം, നിർആം പ്രദേശങ്ങളിൽ ഈ സമയം അപായ സൈറണുകൾ മുഴങ്ങിയിരുന്നു. പ്രദേശത്തെ താമസക്കാരെല്ലാം ഷെൽട്ടറുകളിലേക്ക് നീങ്ങിയിരുന്നു.

ലബനാൻ അതിർത്തിയോട് ചേർന്ന ഇസ്‌റാഈൽ പ്രദേശങ്ങളായ സാഫെദ്, ബിരിയെ, കദിത്ത ദാൽത്തൺ, കരിം ബെൻസിംറ, ജിഷ് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. തെക്കൻ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്‌റാഈൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഹിസ്ബുല്ല നടത്തിയ ആക്രമണത്തിലാണ് സൈറണുകൾ മുഴങ്ങിയത്. ഖസാൻ കുന്നിന്റെ പരിസരത്ത് നിലയുറപ്പിച്ച ഇസ്‌റാഈൽ സൈനികർക്ക് നേരെ പീരങ്കി ആക്രമണം നടത്തിയതായാണ് ഹിസ്ബുല്ല അറിയിച്ചത്.

 

Latest