Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും പോളിംഗ് പുരോഗമിക്കുന്നു

ഉച്ചക്ക് ഒരുമണി വരെയുള്ള കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 32.1 ശതമാനവും ഝാര്‍ഖണ്ഡില്‍ 47.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും വോട്ടിംഗ് പുരോഗമിക്കുന്നു. ഉച്ചക്ക് ഒരുമണി വരെയുള്ള കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 32.1 ശതമാനവും ഝാര്‍ഖണ്ഡില്‍ 47.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സ ഖ്യം അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, മഹായുതിയെ അധികാരത്തില്‍ നിന്നിറക്കി ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം വി എ) സഖ്യം. ശിവസേനയെയും എന്‍ സി പിയെയും പിളര്‍ത്തിയാണ് സംസ്ഥാനത്ത് എന്‍ ഡി എ ഭരണം ഉറപ്പിച്ചത്.

288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറുവരെ നീളും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍. 4,136 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 9.7 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 1,00,186 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.

രണ്ടാംഘട്ട വോട്ടെടുപ്പാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടക്കുന്നത്. 38 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രിയും ജെ എം എം നേതാവുമായ ഹേമന്ത് സോറന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറണ്ടി, പ്രതിപക്ഷ നേതാവ് അമര്‍ ബൗരി, സ്പീക്കര്‍ രവീന്ദ്രനാഥ് മഹാതോ, ജെ എം എം നേതാവ് കല്‍പ്പന സോറന്‍, മുഖ്യമന്ത്രിയുടെ സഹോദരന്‍ ബസന്ത് സോറന്‍, മന്ത്രി ഇര്‍ഫാന്‍ അന്‍സാരി, മുന്‍ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടും.

 

Latest