National
നിയമസഭ തിരഞ്ഞെടുപ്പ്; ജമ്മുകശ്മീരില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒക്ടോബര്‍ 1നും വോട്ടെടുപ്പ്
പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂഡല്‍ഹി | ഹരിയാന,ജമ്മുകശ്മീര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ആദ്യഘട്ടം സെപ്തംബര്‍ 18ന് ,രണ്ടാംഘട്ടം സെപ്തംബര്‍ 25,മൂന്നാം ഘട്ടം ഒക്ടോബര്‍ 1ന്. ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യകമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്ത സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ജമ്മുകശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.11,838 പോളിങ്ങ് സ്റ്റേഷനുകൾ സജ്ജമാക്കും. 87.09ലക്ഷം വോട്ടര്‍മാരാണ് ജമ്മുകശ്മീരിലുള്ളത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഹരിയാനയില്‍ 90 മണ്ഡലങ്ങളില്‍ 2.01 കോടി വോട്ടര്‍മാരാണുള്ളത്.ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിന് അവസാനിക്കും. ജമ്മു കശ്മീരും ഹരിയാനയും സന്ദർശിച്ചെന്നും ഇവിടങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുപ്പിനായി വലിയ ആവേശത്തിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.