Connect with us

Kerala Legislative Assembly

നിയമസഭാ സമ്മേളനം 23ന്; കരട് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ ഉപസമിതി

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 23ന് ആരംഭിക്കും. വർഷാദ്യത്തിലെ സഭാ സമ്മേളനമായതിനാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനമാണ് ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഇടത് സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരില്‍ അയവ് വരുന്നത് കൂടിയാണ് നയപ്രഖ്യാപന സമ്മേളനം. ഡിസംബറിലെ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കും. സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി ഡിസംബറില്‍ സഭ താത്കാലികമായി പിരിഞ്ഞ് ബജറ്റ് സമ്മേളനത്തിന് പുനരാരംഭിക്കുന്ന തരത്തില്‍ ക്രമീകരിക്കുകയായിരുന്നു. പുനരാരംഭിക്കുന്നതായതിനാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാകും.

എന്നാൽ, ഭരണഘടനാ പ്രസംഗത്തില്‍ കുടുങ്ങി രാജിവെച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് ഗവര്‍ണര്‍ കാര്യമായ ഉടക്കുകള്‍ ഇടാത്ത പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന സാധ്യത ഉടലെടുത്തത്. ഗവര്‍ണറുടെ സമീപനത്തോട് സര്‍ക്കാറും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലാണ്.

Latest